ജഡ്ജി നിയമനം: രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയത് തെറ്റെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

Wednesday 25 January 2023 2:52 AM IST

ന്യൂഡൽഹി:ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാർശയിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തിയ കൊളീജിയം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.

റോ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ കേന്ദ്രഏജൻസികൾ ജഡ്ജിമാരാകാൻ പരിഗണിക്കപ്പെടുന്നവരെ കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തിയ നടപടി അതീവ ഗൗരവമേറിയതാണെന്ന് കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട്

പറഞ്ഞു.ഏജൻസികളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിക്കും. റിപ്പോർട്ട് നൽകുന്നതിന് മുമ്പ് അവർ രണ്ട് തവണ ചിന്തിക്കും.

. വിവിധ ഹൈക്കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലെ രഹസ്യാന്വേഷണ റിപ്പോർട്ട് കൊളീജിയം പരസ്യപ്പെടുത്തിയിരുന്നു. ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നില്ലെന്നും എന്നാൽ സോഷ്യൽ മീഡിയ യുഗത്തിൽ അവരെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ്, വീണ്ടും കൊളീജിയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

രാജ്യത്താകമാനം കെട്ടിക്കിടക്കുന്ന കേസുകളിൽ വേഗം തീർപ്പു കൽപ്പിക്കാനായി ജുഡിഷ്യറിയുമായി ചേർന്ന് കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. 4.90 കോടി കേസുകളാണ് കോടതികളിലാകെ കെട്ടിക്കിടക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് കേസുകൾ വേഗം തീർക്കാൻ സംസ്ഥാനങ്ങളുമായി ചേർന്നും ജുഡീഷ്യറിയുമായി സഹകരിച്ചും കൂട്ടായ പരിശ്രമം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Advertisement
Advertisement