അയോദ്ധ്യയുടെ മഹത്വം വിവരിച്ച്  ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറിയും രാമനെ അവതരിപ്പിക്കാൻ യു പി

Wednesday 25 January 2023 3:01 PM IST

ലക്നൗ : നാളെ ഡൽഹിയിലെ കർത്തവ്യപഥിലൂടെ അയോദ്ധ്യയിലെ കാഴ്ചകൾ അവതരിപ്പിക്കാൻ യു പി. 'ദീപോത്സവ്' എന്ന തീമിൽ ടാബ്ലോ അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും അയോദ്ധ്യയെ കൊണ്ടുവരാൻ യു പി തീരുമാനിച്ചത്.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ടാബ്ലോയിൽ മുൻവശത്ത് ശ്രീരാമന്റെ കുടുംബ ഗുരുവായ വസിഷ്ഠ മുനിയാവും ഉണ്ടാവുക. അറിവിന്റെ പ്രകാശം പരത്തുന്നതിന്റെ പ്രതീകമായി ഒരു വലിയ വിളക്കും ഉണ്ടാവും. ടാബ്ലോയുടെ മദ്ധ്യഭാഗത്തായി അയോദ്ധ്യയെ ചിത്രീകരിക്കും. 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന ഭാഗമാണ് ഒരുക്കുന്നത്. ടാബ്ലോയുടെപിന്നിലായി പുഷ്പക വിമാനത്തിൽ അയോദ്ധ്യയിൽ എത്തുന്ന സീതാദേവി, സഹോദരൻ ലക്ഷ്മണൻ, സൈന്യം എന്നിവരോടൊപ്പം ശ്രീരാമന്റെ വലിയ രൂപവും ഉണ്ടാവും.

കഴിഞ്ഞ വർഷം ദീപാവലിയുടെ തലേ ദിവസം ദീപോത്സവ് 2022 എന്ന പേരിൽ അയോദ്ധ്യയിൽ നടത്തിയ ഉത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. അന്ന് സരയൂ നദിയുടെ തീരത്ത് 15 ലക്ഷത്തിലധികം മൺവിളക്കുകൾ കത്തിച്ചുള്ള ആഘോഷം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു.