15000 പൊതുഇടങ്ങൾ ശുചീകരിക്കും.

Thursday 26 January 2023 12:17 AM IST

കോട്ടയം . 'വൃത്തിയുള്ള നവകേരളം 2025 വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് മുതൽ 30 വരെ ജനകീയ പങ്കാളിത്തത്തോടെ 15000 പൊതുഇടങ്ങൾ ശുചീകരിക്കും. തദ്ദേശസ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും കുടുംബശ്രീയും മലിനീകരണ നിയന്ത്രണ ബോർഡും വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിൽ പങ്കാളികളാകും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കും. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കോ മറ്റ് ഏജൻസികൾക്കോ കൈമാറും. മാലിന്യമുക്തമാക്കുന്ന സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പൂന്തോട്ടം ഒരുക്കുകയോ പാർക്കുകൾ നിർമ്മിക്കുകയോ ചെയ്യും. മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കലിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

Advertisement
Advertisement