ഒരാൾ രാജ്യത്തെ ഒന്നിപ്പിക്കാനായി ചെരുപ്പിടാതെ ക്ഷീണിതനായി നടക്കുന്നു, മറ്റേയാൾ കടമകൾ മറന്ന് ജനശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നു; ചാണ്ടി ഉമ്മനെ പ്രശംസിച്ച് ജയറാം രമേശ്

Wednesday 25 January 2023 4:46 PM IST

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദങ്ങൾക്കിടയിൽ എ ഐ സി സി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പാർട്ടി പദവികളിൽ നിന്ന് അനിൽ ആന്റണി നേരത്തെ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അനിലിനെ പരോക്ഷമായി വിമർശിക്കുകയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ പ്രശംസിച്ചുകൊണ്ടും ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ്.

'ഒരേ സംസ്ഥാനത്തെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ആൺമക്കളുടെ കഥ. ഒരാൾ രാജ്യത്തെ ഒന്നിപ്പിക്കാനായി ഭാരത് ജോഡോ യാത്രയിൽ ചെരുപ്പിടാതെ ക്ഷീണിതനായി നടക്കുന്നു. മറ്റൊരാൾ കോൺഗ്രസിനോടും യാത്രയോടുമുള്ള തന്റെ കടമകൾ നിറവേറ്റാതെ ജനശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്നു.'- എന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, ഡോക്യുമെന്ററിയെ എതിർത്തതിന് മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ വിമർശനം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് രാജിവച്ചിരിക്കുന്നത്.