കുടുംബശ്രീ രജത ജൂബിലി ആഘോഷം: അയൽക്കൂട്ട സംഗമം ഇന്ന്

Thursday 26 January 2023 12:46 AM IST

തൃശൂർ: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കാൻ ജില്ലയിലെ 28000 അയൽക്കൂട്ടങ്ങളിലും ഇന്ന് ചുവട് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. 4 ലക്ഷം കുടുംബശ്രീ അംഗങ്ങൾ അയൽക്കൂട്ട സംഗമത്തിൽ ചേരും. വയോജന സഭകൾ, ബാലസഭകൾ, ഓക്‌സിലറി ഗ്രൂപ്പുകൾ, ടി.ജി അയൽക്കൂട്ടങ്ങൾ, ഭിന്നശേഷി അയൽക്കൂട്ടങ്ങൾ എന്നിവർ ഭാഗമാകും.

ജനപ്രതിനിധികൾ, മിഷൻ ടീം അംഗങ്ങൾ, പരിശീലന സ്ഥാപനങ്ങൾ, എം.ഇ.സിമാർ, കാസ് അംഗങ്ങൾ, ജെൻഡർ റിസോഴ്‌സ് ടീം, ഹരിത കർമ്മസേനകൾ, നാനാ മേഖലകളിലെയും സംരംഭകർ, മെന്റർ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും സംഗമത്തിൽ അണിചേരും.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേയ് 17 വരെ വിവിധങ്ങളായ പരിപാടികൾ നടക്കും. രക്തദാന ക്യാമ്പുകൾ, കർഷക സംഗമം, വിജയ ഗാഥകൾ, ഭക്ഷ്യ മേളകൾ, വിവിധ മത്സരങ്ങൾ, വിളംബര ജാഥകൾ തുടങ്ങിയവ കുടുംബശ്രീ സി.ഡി.എസ് തലങ്ങളിൽ നടന്നു വരികയാണ്.