ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്ത് കൂടുന്നു

Thursday 26 January 2023 12:24 AM IST

ഒരു പാക്കറ്റ് വിൽക്കുന്നത് അമ്പത് രൂപയ്ക്ക്‌

തൃശൂർ: ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്ത് കൂടുന്നു, പരിശോധന കർശനമാക്കി ആരോഗ്യ വിഭാഗം. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് ഹാൻസ്, പാൻ പരാഗ് ഉൾപ്പടെയുള്ള നിരോധിത വസ്തുക്കൾ എത്തുന്നത്. കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരക്കണക്കിന് പാക്കറ്റുകളാണ് പിടികൂടിയത്.

പലരെയും രണ്ടും മൂന്നും തവണ പിടികൂടി പിഴ അടപ്പിച്ചിട്ടും വീണ്ടും വിൽപ്പന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടുതവണ പിഴ അടപ്പിച്ച് വിടുമെങ്കിലും വീണ്ടും പിടിക്കപ്പെട്ടാൽ പ്രൊസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കടകളിലുള്ള വിൽപ്പനകൾക്ക് പുറമേ ചില പ്രത്യേക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നത്. പിടിക്കപ്പെടുന്നവരിൽ നിന്ന് ആയിരം മുതൽ 25000 രൂപ വരെ പിഴയടപ്പിക്കാറുണ്ട്.

എത്തിക്കുന്നത് സ്വകാര്യ ബസുകളിൽ

ശക്തൻ സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണ്. ചില സ്വകാര്യ ബസ് ജീവനക്കാർ വഴിയാണ് എജന്റുമാർക്ക് ഇത് എത്തിച്ച് കൊടുക്കുന്നത്. കൂടുതലായും തമിഴ്‌നാട്ടിൽ നിന്നാണ് ഇവ എത്തുന്നത്. ചെക്ക് പോസ്റ്റ് കടന്ന് ഗോവിന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിച്ച് അവിടെ നിന്ന് ബസ് ജീവനക്കാർ വഴി ശക്തൻ സ്റ്റാൻഡിൽ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പിടിയിലായവർ പറയുന്നു. ശക്തൻ സ്റ്റാൻഡിൽ പുലർച്ചെ മുതൽ തന്നെ വിൽപ്പന ആരംഭിക്കുന്നുണ്ട്. വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗവും ബസ് ജീവനക്കാരാമെന്നും ഇവർ പറയുന്നു.

കിട്ടുന്നത് പത്ത് രൂപയ്ക്ക് വിൽപ്പന 50ന്

എജന്റുമാർക്ക് പത്ത് രൂപയ്ക്ക് ലഭിക്കുന്ന ഹാൻസ്, പാൻ പരാഗ് എന്നിവ വിൽക്കുന്നത് അമ്പത് രൂപയ്ക്ക്. നാലിരട്ടി ലാഭമാണ് കൊയ്യുന്നത്. പലരും ദിവസം നൂറോളം പാക്കറ്റ് വരെ വിൽപ്പന നടത്താറുണ്ടെന്ന് പറയുന്നു. നിരോധിക്കുന്നതിന് മുമ്പ് അഞ്ച് രൂപയ്ക്ക് വിറ്റിരുന്നതാണ് അതിന് ശേഷം നാലിരട്ടി ലാഭത്തിന് നൽകുന്നത്.

ശക്തനിൽ നിന്ന് ഹാൻസ് പിടികൂടി ശക്തൻ ബസ് സ്റ്റാൻഡിൽ ഹാൻസ് വിൽപ്പന നടത്തുന്നയാളെ കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടി. പുല്ലഴി സ്വദേശി ഫ്രാൻസിസിനെയാണ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ (ഗ്രേഡ്1) എ.നാസറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 138 പാക്കറ്റുകൾ പിടിച്ചെടുത്തു.കഴിഞ്ഞ ആഴ്ച ജോസ് എന്നയാളിൽ നിന്ന് 80 പാക്കറ്റുകൾ വിൽപ്പനയ്ക്കിടെ പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് എ. നാസർ പറഞ്ഞു.