കുടുംബപ്രശ്നം തീർക്കാനെത്തി: വിധവയിൽനിന്ന് 95ലക്ഷം തട്ടി
കൊച്ചി: കുടുംബത്തിൽ അടിക്കടിയുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണം സഹോദരങ്ങൾ ക്ഷുദ്രക്രിയ ചെയ്തതാണെന്ന് വിശ്വസിപ്പിച്ച് ഒപ്പംകൂടി വിധവയിൽനിന്ന് എറണാകുളം സ്വദേശി 95 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കറുകുറ്റി സ്വദേശിനി നിമ്മി ജോർജാണ് തട്ടിപ്പിനിരയായത്. സിറ്റി പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ആത്മഹത്യയുടെ വക്കിലാണ് താനും കുടുംബവുമെന്ന് നിമ്മി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2014ൽ നെടുമ്പാശേരി അത്താണിയിലെ ധ്യാനകേന്ദ്രത്തിൽവച്ചാണ് എറണാകുളം സ്വദേശിയെ നിമ്മി പരിചയപ്പെട്ടത്. പ്രാർത്ഥനയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വൈദികരുമായി കറുകുറ്രിയിലെ വീട്ടിലെത്തി. പ്രശ്‌നങ്ങളെല്ലാം വാട്ടർടാങ്കിലാണെന്നും കാരണക്കാർ സഹോദരങ്ങളാണെന്നും ധരിപ്പിച്ചു. പതിയെ സഹോദരങ്ങളുമായി അകൽച്ചയുണ്ടാക്കി. നിമ്മിയുടെ വിശ്വാസം നേടിയെടുത്ത ആൾ എറണാകുളത്തെ ലോഡ്ജിന്റെ നടത്തിപ്പ് ആദ്യം കൈക്കലാക്കി. മാസം നാലുലക്ഷംരൂപ വരുമാനമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇത്. 47 മുറികളുള്ള ലോഡ്ജ് മോടിപിടിപ്പിക്കാൻ 35 ലക്ഷം നൽകിയെങ്കിലും പകുതിയും ഇയാൾ പോക്കറ്രിലാക്കി. ഇതിന്റെ പ്രമാണവും സ്വന്തമാക്കി.
മാസം ലക്ഷങ്ങൾ വരുമാനുണ്ടായ ലോഡ്ജിൽനിന്ന് ഒന്നരമാസം കൂടുമ്പോൾ 60,000 രൂപ മാത്രമാണ് നൽകിയിരുന്നത്. ചോദിക്കുമ്പോൾ മാത്രം കുറച്ചുപണം അധികം നൽകും. എറണാകുളം സ്വദേശിയുടെ മകന്റെ ഐ.ടി സ്ഥാപനവും ഇവിടെ തുടങ്ങിയെങ്കിലും വരുമാനത്തിന്റെ പങ്ക് നൽകിയില്ല. വിവിധ ആവശ്യങ്ങൾ പഞ്ഞ് അഞ്ചുംപത്തും ലക്ഷങ്ങൾ കടമായും വാങ്ങിയെടുത്തു. വീട് പണയംവച്ചാണ് ഒരിക്കൽ പണംനൽകിയത്. ലോക്ക്ഡൗണിൽ മൂന്നുമാസത്തോളം ഒരുരൂപപോലും ലോഡ്ജിൽനിന്ന് നൽകിയില്ല. തട്ടിപ്പ് കണ്ടെത്തിയതോടെ പണമെല്ലാം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും മകന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും നിമ്മി പറയുന്നു.
എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ സഹായിക്കാനെത്തിയ രണ്ട് അഭിഭാഷകർ തട്ടിപ്പുകാരന്റെ ശിങ്കിടികളായിരുന്നെന്ന് പിന്നീട് വ്യക്തമായി. ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥൻ കേസന്വേഷിക്കുന്ന പൊലീസുകാരനായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നും നിമ്മി ആരോപിച്ചു. അകറ്റിനിറുത്തിയ സഹോദരങ്ങളുടെ കാരുണ്യത്തിലാണ് നിമ്മിയും കുടുംബവും ഇപ്പോൾ കഴിയുന്നത്.