മുസ്ളിം ലീഗ് റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

Thursday 26 January 2023 12:11 AM IST
മുസ്ലിം ലീഗ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണ അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി കണ്ണൂർ റയിൽവെ സ്റ്റേഷൻ ഭൂമി സ്വകാര്യ ഏജൻസികൾക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും റെയിൽവേയും പിന്തിരിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന പ്രവണത തുടരുകയാണ്. റെയിൽവേ ഭൂമി പോലും പാട്ടത്തിന് നൽകാനും അതിലൂടെ കോടികൾ അവിഹിതമായി സമ്പാദിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു.

ഫാറൂഖ് വട്ടപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സി. സമീർ, അൻസാരി തില്ലങ്കേരി, ടി.എ തങ്ങൾ, സി. എറമുള്ളാൻ, കെ. സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.