പൊലിസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

Thursday 26 January 2023 1:50 AM IST

അന്തിക്കാട് : പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കലാനി വീട്ടിൽ പ്രണവ് പ്രദീപിനെയാണ് (30) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 30നായിരുന്നു സംഭവം. മണലൂർ പുത്തൻകുളം സ്വദേശി നീരജ് സുനിൽകുമാറും കൂട്ടുകാരായ അതുൽ, ആദർശ്, എന്നിവരും ചേർന്ന് സ്‌കൂട്ടറിൽ വരുന്നതിനിടയിൽ പാന്തോട് സെന്ററിൽ മോട്ടോർ സൈക്കിളിൽ വന്ന പ്രതി പൊലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞുനിറുത്തി കഞ്ചാവ് പരിശോധന നടത്തുകയും ആദർശിന്റെ മുഖത്തടിക്കുകയും ചെയ്തു. പിന്നീട് മൂവരെയും കൂട്ടി ഇവരുടെ മറ്റൊരു കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോവുകയും നാലുപേരെയും കഞ്ചാവ് ഉൾപ്പടെ വിവിധ കേസുകളിൽ കുടുക്കുമെന്ന് ഭീഷണി പെടുത്തി പണം കൈക്കലാക്കുകയും ചെയ്തു. കാഞ്ഞാണി ബസ് സ്റ്റാൻഡിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ നിന്ന് നീരജിന്റെ അമ്മയുടെ അക്കൗണ്ടിൽ നിന്നുള്ളതുൾപ്പെടെ 45,000 രൂപ പിൻവലിപ്പിച്ചു. അന്തിക്കാട് ഐ.എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐ എം.സി.ഹരീഷ്, സീനിയർ സി.പി.ഒ മുരുകദാസ്, സി.പി.ഒ സുർജിത് എന്നിവർ ചേർന്നാണ് പ്രണവിനെ അറസ്റ്റ് ചെയ്തത്.