ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായി

Thursday 26 January 2023 12:03 AM IST
ലക്ഷദ്വീപ് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായപ്പോൾ

കണ്ണൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ലക്ഷദ്വീപ് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായി. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തതോടെയാണ് മോചനം സാധ്യമായത്. ശിക്ഷാവിധിയും കോടതി സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്.

ഇന്നലെ രാത്രി 7.45 ഓടെ പുറത്തിറങ്ങിയ ഫൈസലിനെ എൻ.സി.പി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ലക്ഷദ്വീപിൽ നിന്നുൾപ്പെടെയുള്ള പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാൻ കണ്ണൂരിൽ എത്തിയിരുന്നു.

കോടതിവിധിയിൽ സന്തോഷമുണ്ടെന്നും തന്റെ എം.പി സ്ഥാനത്തിന് കല്പിച്ച അയോഗ്യത പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഈ കേസ് തനിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്ക് മത്സരിക്കാൻ സാധിക്കാത്ത രീതിയിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഫൈസൽ കോടതിയിൽ വാദിച്ചു. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തെങ്കിലും ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുഹമ്മദ് ഫൈസലും സഹോദരനുമടക്കം നാലുപേരെ പത്തുവർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. ഈ മാസം 11നായിരുന്നു അദ്ദേഹം ജയിലിലായത്.