ജസീന്തയ്‌ക്ക് തോമസ് മാഷിന്റെ ട്യൂഷൻ കിട്ടിയിരുന്നെങ്കിൽ...

Thursday 26 January 2023 12:00 AM IST

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേന്റെ രാജി ന്യൂസിലാൻഡ് മാത്രമല്ല, ലോകം മുഴുവൻ ഞെട്ടലോടെയാണ് കേട്ടത്. കൊവിഡ് മഹാമാരിയും വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനവും ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ ഭീകരാക്രമണവും നടന്നപ്പോഴും രാജ്യത്തെ സമചിത്തതയോടെ നയിച്ച ജസീന്ത പ്രധാനമന്ത്രി പദത്തിലേറി കാലാവധി തികയും മുമ്പേ രാജിവച്ചിറങ്ങിയതിന് സമാനമായി ലോകത്ത് ചൂണ്ടിക്കാട്ടാൻ അധികം മാതൃകകളൊന്നുമില്ല. ജനുവരി 12 ന് തന്റെ രാജിപ്രഖ്യാപിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ വികാരഭരിതയായാണ് 41 കാരിയായ ജസീന്ത സംസാരിച്ചത്.

'ഈ ജോലി ബുദ്ധിമുട്ടേറിയതിനാലല്ല ഞാൻ സ്ഥാനം ഒഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കിൽ ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഇത്തരമൊരു പ്രത്യേക പദവിയ്‌ക്കൊപ്പം ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. എപ്പോഴാണ് നിങ്ങൾ രാജ്യത്തെ നയിക്കാൻ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്വം കൂടിയാണിത്. ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്നും അതിനോട് പൂർണമായും നീതി പുലർത്താൻ ഇനി സാധിക്കില്ലെന്നും എനിയ്ക്കറിയാം'. അവർ പറഞ്ഞു.

ജസീന്ത ആർഡേൻ പറഞ്ഞ ചിലകാര്യങ്ങളെങ്കിലും കേരളത്തിലെ വൃദ്ധരായ അധികാരക്കൊതിയന്മാർ കേൾക്കേണ്ടതാണ്. രാജ്യം നിങ്ങളെ എങ്ങനെ ഓർമ്മിക്കണം എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അനുകമ്പ പ്രകടിപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് ഇഷ്ടമെന്നായിരുന്നു ജസീന്തയുടെ മറുപടി. ഈ വാക്കുകൾക്ക് ലോകം കാതോർത്ത അന്നുതന്നെയാണ് കേരളത്തിൽ മുൻ കോൺഗ്രസുകാരൻ കെ.വി തോമസിന് ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമനം ലഭിച്ചത്. കേരളം കടക്കെണിയിലായിരിക്കെ ലക്ഷത്തിന് പുറത്ത് ശമ്പളം, വാഹനം, ഡൽഹിയിൽ ഓഫീസ്, പിന്നെ സ്റ്റാഫുകൾ. അങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളോടെയുമാണ് നിയമനം. മൂന്ന് പതിറ്റാണ്ടിലേറെ കേന്ദ്രമന്ത്രിയായും എം.പി ആയും എം.എൽ.എ ആയും സംസ്ഥാന മന്ത്രിയായുമൊക്കെ ജനങ്ങളെ സേവിച്ചിട്ടും മതിയാകാതെയല്ല കെ.വി തോമസ് മാഷ് തന്റെ അവസാനകാലത്ത് അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാൻ കച്ചകെട്ടിയിറങ്ങിയത്.

സാധാരണ പാർട്ടി പ്രവർത്തകനായി താഴെത്തട്ടിൽനിന്ന് പ്രവർത്തിച്ച് വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ സമരതീച്ചൂളയിൽ പാർട്ടിക്ക് വേണ്ടി കൊടിപിടിച്ചിട്ടും എങ്ങുമെത്താതെ പോകുന്ന പാവം കോൺഗ്രസുകാരനെ കൊഞ്ഞനം കാട്ടിക്കൊണ്ടാണ് കോളേജ് പ്രൊഫസറായിരുന്ന കെ.വി തോമസിന് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ലീഡർ കെ.കരുണാകരൻ 'ലാറ്ററൽ എൻട്രി' നൽകിയത്. പാർട്ടിയിൽ നിന്നുകൊണ്ട് അധികാരത്തിന്റെ ഉത്തുംഗശ്രേണി വരെ പോയി കിട്ടാവുന്നതിന്റെ പരമാവധി വാങ്ങിയെടുത്തിട്ടും ഇനിയും വേണം അധികാരം എന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് നേതൃത്വം മുഖം തിരിച്ചതോടെയാണ് തോമസ് മാഷ് തനിനിറം കാട്ടിതുടങ്ങിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എറണാകുളത്ത് സീറ്റ് കിട്ടാതെ വന്നതോടെ മാഷ് ഇടഞ്ഞു. മോഹഭംഗം വന്ന കോൺഗ്രസുകാരെ വലയിട്ടു പിടിക്കാൻ ഒറ്റാലുമായി ഇരുന്ന സി.പി.എം ഈ അവസരം കോൺഗ്രസിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാൻ തീരുമാനിച്ചു. അതോടെ അന്നുവരെ തോമസ് മാഷിനെ ഫ്രഞ്ച് ചാരനെന്നും 'തിരുത തോമ'യെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചിരുന്ന സി.പി.എമ്മിന് മാഷ് ദിവ്യനായി മാറി. അടുത്തിടെ നടന്ന സിപി.എം പാർട്ടി കോൺഗ്രസിലേക്ക് മാഷിനെ പ്രാസംഗികനായി ക്ഷണിച്ചുകൊണ്ടായിരുന്നു തുടക്കം. കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് വിഗണിച്ച് മാഷ് പോയി, കേരളത്തിന്റെ വികസനത്തിനായി പ്രസംഗിച്ചു. തൊട്ടടുത്തു വന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മാഷിനെ ഇറക്കി സീറ്റ് പിടിക്കാമെന്ന സി.പി.എമ്മിന്റെ വ്യാമോഹം വൻ തിരിച്ചടിയാണ് ഏൽപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എട്ടുനിലയിൽ പൊട്ടുകയും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ തോമസ് മാഷിനെ സി.പി.എം കൈവിട്ടുവെന്ന് ഏവരും കരുതിയിരിക്കുമ്പോഴാണ് ലോട്ടറിയടിച്ചത് പോലെ പുതിയ പോസ്റ്റിംഗ് മാഷിന് താലത്തിൽ നൽകുന്നത്. വലിയ ഞെട്ടൽ കോൺഗ്രസുകാർക്കല്ല, സി.പി.എമ്മുകാർക്കാണ്. മുമ്പ് എ.സമ്പത്ത് 20 മാസം ഇരുന്ന പോസ്റ്റിലേക്ക് പാർട്ടിക്കാരായ തങ്ങളെ ആരെയെങ്കിലും പരിഗണിക്കുമെന്ന് ഡോ. തോമസ് ഐസക്കിനെയും ജെ.മേഴ്സിക്കുട്ടിയമ്മയെയും പോലെയുള്ളവർ വ്യാമോഹിച്ചെങ്കിൽ അവരെ കുറ്റം പറയാനാകില്ല.

'മോദിയും ഷായും

എന്റെ ഉറ്റ ചങ്ങാതിമാർ'

കേന്ദ്രം ഭരിക്കുന്ന ആർ.എസ്.എസ് വർഗീയതയുടെ മൂർത്തിമദ് ഭാവമെന്നും രാജ്യത്ത് അവർ നടപ്പാക്കുന്നത് ഫാസിസമാണെന്നും പുരപ്പുറത്ത് കയറി അവസരം കിട്ടുമ്പോഴൊക്കെ പറയുന്നവരാണ് സി.പി.എമ്മുകാർ. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്നും ഫെഡറലിസത്തിനു കത്തിവയ്ക്കുന്നവരാണ് മോദിയും കൂട്ടരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടിയ്ക്കടി പറയാറുള്ളത്. പുതിയ സ്ഥാനം ലഭിച്ചതിനു പിന്നാലെ തോമസ് മാഷ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതെല്ലാം സി.പി.എമ്മിന് അനിഷ്ടമാകുമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളാണ്. 'പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എന്റെ ഉറ്റ സുഹൃത്തുക്കളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴേ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധങ്ങളെല്ലാം പ്രയോജനപ്പെടുത്തി കേരളത്തിന്റെ വികസനകാര്യങ്ങൾ നിഷ്പ്രയാസം നടത്തിയെടുക്കാനാകും' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ വിശ്വസിച്ചിട്ട് തന്നെയാകും പിണറായി വിജയനും സി.പി.എമ്മും മാഷിനെ പ്രത്യേക പ്രതിനിധിയാക്കി ഡൽഹിയിലേക്ക് അയയ്ക്കുന്നതെന്ന് വ്യക്തം.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽ തൊഴിൽമന്ത്രിയായിരുന്ന ഷിബു ബേബിജോൺ അഹമ്മദാബാദിലെത്തി മോദിയെ കണ്ടതിന്റെ ക്ഷീണം ഷിബുവിന് ഇന്നും തീർന്നിട്ടില്ല. കേരളത്തിൽ മടങ്ങിയെത്തിയ ഷിബുവിനെ അന്ന് സി.പി.എമ്മും മുസ്ലിം ലീഗുമൊക്കെ കണ്ടംവഴി ഓടിച്ചിട്ട് തല്ലിയില്ലെന്നേയുള്ളൂ. ഒടുവിൽ 'ലേലു അല്ലു' പറഞ്ഞാണ് ഷിബു തടിതപ്പിയത്. എന്നാൽ തോമസ് മാഷ് മോദി ബന്ധമൊക്കെ എടുത്ത് വീശിയിട്ടും കേരളത്തിലെ ഒരു സി.പി.എമ്മുകാരനും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. 'നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം തീർത്തിടും' എന്ന പഴഞ്ചൊല്ല് പോലെ കേരളത്തിന്റെ വികസന സ്വപ്നപദ്ധതിയായ കെ - റെയിൽ അടക്കം കേന്ദ്രത്തിൽനിന്ന് നേടിക്കൊണ്ടു വന്നാൽ പിന്നെ തോമസ് മാഷിന്റെ മോദി, ഷാ ബന്ധത്തെക്കുറിച്ചോർത്ത് എന്തിന് ബേജാറാകണം എന്നാവും സഖാക്കളുടെ മനോഗതി. കോൺഗ്രസിലായിരുന്നപ്പോൾ കുമ്പളങ്ങിക്കായലിലെ തിരുതയും കരിമീനുമൊക്കെ നമ്പർ 10 ജൻപഥിലെത്തിച്ചാണ് മാഷ് വച്ചടി വച്ചടി കയറിയിരുന്നതെന്നായിരുന്നല്ലോ ചിലരുടെ ആക്ഷേപം. എന്നാൽ ഇനി തിരുതവച്ചുള്ള കളി അത്രയ്ക്കങ്ങോട്ട് ഏശുമോ എന്ന് കണ്ടറിയണം. കാരണം മോദിയും ഷായുമൊക്കെ ശുദ്ധവെജിറ്റേറിയന്മാരാണെന്നതു തന്നെ. എന്തായാലും തിരുതയില്ലെങ്കിൽ മറ്റേതെങ്കിലും ജാലവിദ്യ തോമസ് മാഷിന്റെ മാറാപ്പിലുണ്ടാവുമെന്ന് മാഷിനെ അറിയുന്നവ‌ർക്കറിയാം. എ.സമ്പത്ത് 20 മാസം ഇതേ തസ്തികയിൽ ഡൽഹിയിൽ വാണിട്ടും വെറുംകൈയോടെ മടങ്ങിവന്നിടത്ത് തോമസ് മാഷ് അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാകാം സി.പി.എം പ്രതീക്ഷിക്കുന്നത്. വെറും 41 -ാം വയസിൽ പ്രധാനമന്ത്രിപദം ഇട്ടെറിഞ്ഞുപോയ ജസീന്ത ആർഡേൻ, തോമസ് മാഷിന്റെ വിദ്യാർത്ഥിയാകാതിരുന്നതാകാം അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ.

Advertisement
Advertisement