കാർത്ത്യായനിയമ്മയ്ക്ക് സാന്ത്വനം പകർന്ന് ജില്ലാ പഞ്ചായത്ത്

Thursday 26 January 2023 1:34 AM IST
കാർത്ത്യായനിയമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി സന്ദർശിക്കുന്നു

ആലപ്പുഴ: നാരീശക്തി പുരസ്‌കാര ജേതാവ് കാർത്ത്യായനിയമ്മയ്ക്ക് സാന്ത്വനമേകാൻ ജില്ലാ പഞ്ചായത്ത് ഒപ്പമുണ്ടെന്ന് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ചേപ്പാട് ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുള്ള വീട്ടിലെത്തി ജില്ലാ പഞ്ചായത്തംഗങ്ങൾ കാർത്ത്യായനിയമ്മയെയും ബന്ധുക്കളെയും കണ്ടു.

101 വയസുള്ള കാർത്ത്യായനിയമ്മയുടെ ഒരു കാലിന് തളർച്ചയുണ്ട്. മറ്റ് അസുഖങ്ങൾ ഒന്നുമില്ല. മകളും പേരക്കുട്ടികളുമടങ്ങുന്ന വീട്ടിലാണ് താമസം. പകൽ മക്കൾ ജോലിക്ക് പോകുന്നതിനാൽ കാർത്ത്യായനിയമ്മയ്ക്ക് സഹായത്തിന് ആളില്ലാത്ത അവസ്ഥയാണ്. ഇനി പകൽ നേരത്ത് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പാലിയേറ്റീവ് നഴ്‌സിന്റെ പരിചരണം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഭക്ഷണവും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ സഹായം ഉണ്ടാകും. വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ സി.ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി. പ്രിയ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ശോഭ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ടി.എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.സന്തോഷ്, അഡ്വ.ആർ.റിയാസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിശ്വപ്രസാദ്, സനൽകുമാർ, സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.വി.രതീഷ്, പ്രേരക് കെ.സതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.