ചെകുത്താന്റെ വേദമോതൽ
ബി.ബി.സിയുടെ മോദി ഡോക്യുമെന്ററിയുടെ പേരിൽ രാജ്യത്ത് പുതിയ വിവാദം പുകയുകയാണ്. ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. ഇന്ത്യയിലെ പല മാദ്ധ്യമങ്ങളും പ്രതിപക്ഷനേതാക്കളും രണ്ട് ദശാബ്ദത്തിനുള്ളിൽ നിരവധിതവണ ആവർത്തിച്ച ആരോപണമാണിത്. ഇന്ത്യൻ മാദ്ധ്യമങ്ങൾതന്നെ പറയാത്ത ഒരു വെളിപ്പെടുത്തലും ബി.ബി.സി ഡോക്യുമെന്ററിയിലില്ല. എന്നാൽ ഡോക്യുമെന്ററിയുടെ പ്രചാരണം ഇപ്പോൾ പ്രതിപക്ഷകക്ഷികൾ ഏറ്റെടുത്തിരിക്കുകയാണ്. അതിന് അവരെ കുറ്റം പറയാനാവില്ല. അതിനുള്ള വഴിതെളിച്ചത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ്. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ സമൂഹമാദ്ധ്യമ പ്രചാരണം കേന്ദ്രസർക്കാർ നിരോധിച്ചതാണ് ഇത് പ്രദർശിപ്പിക്കുന്നതിന് മുൻകൈയെടുക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കേരളത്തിൽ സി.പി. എമ്മിന്റെയും കോൺഗ്രസിന്റെയും യുവജന സംഘടനകൾ മുൻകൈയെടുത്ത് വ്യാപകമായ പ്രദർശനം സംഘടിപ്പിക്കുന്നു. എതിർപ്പുമായി ബി.ജെ.പി രംഗത്തെത്തിയത് പലയിടത്തും സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
പുസ്തകങ്ങളിലെയും ഡോക്യുമെന്ററികളിലെയും പരാമർശങ്ങൾ മതവിഭാഗങ്ങൾ തമ്മിലുള്ള ലഹളയ്ക്കും മറ്റും ഇടയാക്കുന്ന രീതിയിൽ വളരുന്ന സാഹചര്യത്തിൽ മാത്രമാണ് നിരോധനം സ്വീകാര്യമാകുന്നത്. ഇവിടെ അങ്ങനെയൊരു സാഹചര്യവുമില്ലാതിരിക്കെ കേന്ദ്രം ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ചു. ബി.ബി.സി എന്ത് ഉദ്ദേശിച്ചാണോ ഡോക്യുമെന്ററി ചെയ്തത് അത് വേഗം സാധിച്ചുകൊടുക്കുന്നതിന് തുല്യമായി നിരോധനം. അതോടെയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം എന്തെന്നറിയാനുള്ള ജിജ്ഞാസ ഇന്ത്യക്കാരിൽത്തന്നെ ഉണർന്നത്. സൽമാൻ റുഷ്ദി എഴുതിയ സാത്താനിക് വേർസസ് എന്ന വിവാദഗ്രന്ഥം അറബ് രാജ്യങ്ങൾ പോലും നിരോധിക്കുന്നതിന് മുമ്പാണ് അന്നത്തെ രാജീവ്ഗാന്ധി സർക്കാർ നിരോധിച്ചത്. അപ്പോഴും ബ്ളാക് മാർക്കറ്റിൽ പുസ്തകം ഇന്ത്യയിൽ ആവശ്യം പോലെ ലഭ്യമായി. പുസ്തകത്തിന് ആവശ്യത്തിലധികം പ്രചാരം ലഭിക്കാനും അതിടയാക്കി. അന്ന് ബ്രിട്ടൺ പുസ്തകം നിരോധിച്ചില്ല. അതിന് പൂർണ പിന്തുണ നൽകുന്ന റിപ്പോർട്ടുകളാണ് ആ രാജ്യത്തിന്റെ ഒൗദ്യോഗിക മാദ്ധ്യമമായ ബി.ബി.സി നൽകിയത്. ബ്രിട്ടന്റെ കൊളോണിയൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലാതെ അതിനെതിരായ റിപ്പോർട്ടുകൾ ബി.ബി.സി പൊതുവെ ചെയ്യാറില്ല.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടത്തിയിട്ടുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ ഒരു യുദ്ധത്തെപ്പോലും ബ്രിട്ടണും ബി.ബി.സിയും എതിർത്തിട്ടില്ല. ഇറാക്ക് ആണവ ബോംബ് നിർമ്മിക്കുന്നെന്ന് പ്രചരിപ്പിക്കാത്ത ഒരു പാശ്ചാത്യമാദ്ധ്യമവും ബാക്കിയില്ല. ഇറാക്കിനെ ആക്രമിക്കാൻ അമേരിക്ക പ്രചരിപ്പിച്ച വ്യാജവാർത്തയായിരുന്നു അതെന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു. പക്ഷേ വ്യാജപ്രചാരണത്തെ മുൻനിറുത്തി ഇറാക്കിൽ കടന്നുകയറി ഭരണകൂടത്തെ അട്ടിമറിക്കാനും സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാനും അവർക്ക് കഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളുടെ തെറ്റുകളെ ശരിയായി അവതരിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം ബി.ബി.സി ഉൾപ്പെടെയുള്ള പാശ്ചാത്യമാദ്ധ്യമങ്ങൾക്ക് ഏറെയാണ് . അതേസമയം ഏഷ്യൻ രാജ്യങ്ങളിലെയും മറ്റും ചെറിയപ്രശ്നങ്ങൾ പോലും ഉൗതിവീർപ്പിച്ച് അവതരിപ്പിക്കുന്നതിൽ ഏറ്റവും മുന്നിലാണ് ബി.ബി.സി. ഇന്ത്യ ദരിദ്ര രാജ്യമാണെന്ന് പ്രചരിപ്പിക്കാൻ നിരവധി റിപ്പോർട്ടുകൾ ബി.ബി.സി ചെയ്തിട്ടുണ്ട്. ധാരാവി ചേരിയെക്കുറിച്ച് വീണ്ടുംവീണ്ടും റിപ്പോർട്ടുകൾ നൽകുമ്പോൾ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളിലേക്ക് അവർ കാമറ തിരിക്കാറില്ല. കാശ്മീർ വിഷയത്തിൽ തികഞ്ഞ ഇന്ത്യാവിരുദ്ധ റിപ്പോർട്ടുകളാണ് ഇക്കാലമിത്രയും ബി.ബി.സി നൽകിയിട്ടുള്ളത്. ഇന്ത്യാ പാക് യുദ്ധ വേളയിലും ഇന്ത്യ ചൈന യുദ്ധവേളയിലും ഇന്ത്യ വിരുദ്ധ നിലപാടാണ് ബി.ബി.സി ഉൾപ്പെടെയുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ പഴയ കണ്ണുകൊണ്ട് കാണാനാണ് അവർ ഇന്നും താത്പര്യപ്പെടുന്നത്. നീതിയും നിയമവുമൊന്നുമില്ലാത്ത, ആളുകളെ കൂട്ടക്കൊല ചെയ്യുന്ന ഒരു മൂന്നാംകിട രാജ്യമാണ് ഇന്ത്യയെന്ന് ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്നത് വർഷങ്ങളായി പിന്തുടരുന്ന രീതിയാണ്. അതിനവർ കഴിഞ്ഞകാല അരുതായ്മകൾ കുത്തിപ്പൊക്കി അവതരിപ്പിക്കും. അതിന്റെ ഭാഗമാണ് ഇപ്പോൾ അവർ ചെയ്ത ഡോക്യുമെന്ററി. ജാലിയൻ വാലാബാഗിൽ നിരായുധരായ നൂറുകണക്കിന് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളെ നിഷ്‌കരുണം വെടിവച്ച് കൊന്ന പാരമ്പര്യമുള്ള ബ്രിട്ടീഷുകാരന്റെ ഒൗദ്യാേഗിക ജിഹ്വയായ ബി.ബി.സി അത് ചെയ്തില്ലെങ്കിലേ അത്‌ഭുതപ്പെടാനുള്ളൂ..
ചരിത്രത്തിൽ പിറകോട്ട് പോയാൽ ഇന്ത്യയ്ക്കെതിരെ ബ്രിട്ടീഷുകാരൻ നടത്തിയ മൃഗീയതയും അനീതിയും കൊള്ളയും എണ്ണിയെണ്ണി പറയാൻ ഒത്തിരിയുണ്ട്. ആ നിലയിൽ നോക്കിയാൽ ചെകുത്താന്റെ വേദമോതൽ മാത്രമായേ ബി.ബി.സിയുടെ ചിത്രീകരണത്തെ വിലയിരുത്താനാവൂ. ഇത് കേന്ദ്രം തികച്ചും അവഗണിക്കേണ്ടതായിരുന്നു. കാരണം ഇംഗ്ളണ്ടിലെ പൗരന്മാർ പോലും ബി.ബി.സിയ്‌ക്ക് വലിയ പ്രാധാന്യം നല്കുന്നില്ല. ഒരു വിദേശ മാദ്ധ്യമം എന്തെങ്കിലും പ്രചരിപ്പിച്ചെന്ന് കരുതി ഒലിച്ചുപോകുന്നതല്ല ഇന്ത്യയുടെ അഖണ്ഡതയും ശക്തിയും.
ലോകത്ത് ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽ, എന്തിന് പാകിസ്ഥാനിൽത്തന്നെ ന്യൂനപക്ഷങ്ങൾ നേരിടുന്ന കൊടിയ പീഡനങ്ങളിലേക്കും അടിച്ചമർത്തലുകളിലേക്കുമാണ് ബി.ബി.സി കാമറ തിരിക്കേണ്ടത്. പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ വിവരണാതീതമാണ്. ഭക്ഷണമില്ല. കറന്റില്ല. വിദേശനാണ്യമില്ല. പണപ്പെരുപ്പം 25 ശതമാനം കഴിഞ്ഞു. സമ്പന്ന രാജ്യങ്ങൾക്ക് മുന്നിൽ അവരിന്ന് യാചിച്ച് നിൽക്കുകയാണ്. അതിലേക്ക് ബി.ബി.സി മനഃപ്പൂർവം നോക്കാത്തതാണ്. ഇന്ത്യയുടെ വളർച്ചയിൽ പാകിസ്ഥാനെക്കാൾ അസൂയ പാശ്ചാത്യരാജ്യങ്ങൾക്കും അവിടത്തെ മാദ്ധ്യമങ്ങൾക്കുമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഭിന്നിപ്പിക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് ടൈംസ് മാഗസിൻ മോദിയെക്കുറിച്ച് കവർ സ്റ്റോറി നൽകിയത്. മോദി വിജയിച്ചതിനുശേഷം അവർ അങ്ങനെ ചെയ്‌തതിന് മാപ്പ് പറഞ്ഞു. ഇന്ത്യ അതിവേഗം വളരുകയാണ്. മോദിയുടെ ഭരണത്തിൻകീഴിൽ വംശീയ ലഹളകൾ നടക്കുന്നില്ല. ഭീകരാക്രമണങ്ങളും തുലോം കുറഞ്ഞു. 2019 ൽ തന്നെ ഇന്ത്യ ബ്രിട്ടന്റെ ഇക്കണോമിയെ സമ്പദ് ശക്തിയിൽ മറികടന്നു.
2030 ൽ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഇരട്ടിശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. ഒരു കാലത്ത് അവരുടെ അടിമയായിരുന്ന രാജ്യം നാളെ അവരുടെ ഉടമയായി വളരുമോ എന്ന അങ്കലാപ്പിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ജനിക്കുന്നത്. അത് അർഹിക്കുന്ന അവജ്ഞയോടെ വിവേകമുള്ള ഇന്ത്യാക്കാർ തള്ളിക്കളയണം.