മിസ്റ്റർ മാന്നാറുമായി വീണ്ടും സൂര്യകുമാർ
മാന്നാർ: ശരീരസൗന്ദര്യ മത്സരത്തിൽ പടവുകൾ താണ്ടാൻ പ്രചോദനമേകിയ അമ്മയുടെ സ്മരണാർത്ഥമുള്ള 'മിസ്റ്റർ മാന്നാർ ശരീരസൗന്ദര്യ മത്സരം' പുനരാരംഭിച്ചിരിക്കുകയാണ് മാന്നാർ കുരട്ടിശ്ശേരി വല്ലഭശ്ശേരിൽ സൂര്യകുമാർ (63). മാന്നാർ ബസ് സ്റ്റാൻഡിനു സമീപം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ഇന്ന് വൈകിട്ട് 5ന് മത്സരം നടക്കും.
പരേതനായ വല്ലഭശേരിൽ ഡോ.സീതാരാമ പണിക്കരുടെയും ബി.സതിയമ്മയുടെയും മകനാണ് സൂര്യകുമാർ. കൊവിഡ് മൂലം രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു മിസ്റ്റർ മാന്നാർ മത്സരം. 1977ൽ മിസ്റ്റർ സബ്‌ജൂനിയർ ആലപ്പുഴയിൽ തുടങ്ങി 80കളിൽ മിസ്റ്റർ ആലപ്പുഴ, മിസ്റ്റർകേരള, മിസ്റ്റർ സൗത്ത് ഇന്ത്യ, 1990ൽ വീണ്ടും മിസ്റ്റർ ആലപ്പുഴ എന്നീ നേട്ടങ്ങൾ സൂര്യകുമാർ കരസ്ഥമാക്കിയിട്ടുണ്ട്. എംകോം ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സൂര്യകുമാർ പഠനകാലം മുതൽതന്നെ ശരീര സൗന്ദര്യ മത്സരങ്ങളിൽ ആകൃഷ്ടനായിരുന്നു. 1990ന് ശേഷം മസ്കറ്റ്, അയർലണ്ട്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ ജിം പരിശീലകനായി. നിലവിൽ ആസ്ട്രേലിയയിലെ സിഡ്‌നിയിൽ ജിം ഇൻസ്ട്രക്ടറാണ്. സൂര്യകുമാറിന്റെ ബോഡിബിൽഡിംഗ് ജീവിതത്തിനു തുണയായി ഭാര്യ ലീനാപണിക്കരും മകൾ അഭിരാമിയുമുണ്ട്.
സൂര്യകുമാർ സ്ഥാപിച്ച നാഷണൽ ജിംനേഷ്യം1980 മുതൽ 95 വരെ മാന്നാറിലെ യുവാക്കളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമായിരുന്നു. കഴിഞ്ഞയാഴ്ച ചെന്നിത്തലയിൽ നടന്ന ആലപ്പുഴ ജില്ലാ ശരീരസൗന്ദര്യ മത്സരത്തിലെ മികച്ചപ്രകടനത്തിലൂടെ ഗ്രാൻഡ്മാസ്റ്റർ പദവി സൂര്യകുമാറിനെ തേടിയെത്തി. ഈ വർഷം നടക്കുന്ന മിസ്റ്റർ സൗത്ത് ഇന്ത്യയാണ് അടുത്തലക്ഷ്യം.
സൗത്ത് ഇന്ത്യൻ ബോഡിബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറിയും ദേശീയ ജഡ്ജുമായ എം.പണിക്കർ, മിസ്റ്റർ സൗത്ത് ഇന്ത്യയും മിസ്റ്റർ കേരളയും ബോഡിബിൽഡിംഗ് സംസ്ഥാന ട്രഷററും ജില്ലാപ്രസിഡന്റുമായ സിജോ എന്നിവർ ഇന്ന് നടക്കുന്ന 'മിസ്റ്റർ മാന്നാർ ശരീരസൗന്ദര്യ മത്സരത്തിന്റെ വിധികർത്താക്കളാകും.