ജനകീയ ഹോട്ടലുകൾക്ക് മരണമണി മുഴങ്ങുന്നു , നിലയ്ക്കുമോ 20 രൂപ ഊണ് !

Thursday 26 January 2023 12:45 AM IST
ഉച്ചഊണ്

ആലപ്പുഴ : കേന്ദ്ര സർക്കാർ പണം നൽകാതായതോടെ, വിശപ്പുരഹിത കേരളം പദ്ധതിയിൽ ജില്ലയിൽ ആരംഭിച്ച ജനകീയ ഹോട്ടലുകൾക്ക് താഴുവീഴുന്നു.

71പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി സന്നദ്ധസംഘടനകൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച 87ഹോട്ടലുകളിൽ പകുതിയിലധികവും പൂട്ടിയ മട്ടാണ്. എന്നാൽ, പത്തിൽ താഴെ ഹോട്ടലുകൾ മാത്രമാണ് പൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപയ്ക്ക് ലഭിക്കുന്ന ഊണ് വലിയൊരു വിഭാഗത്തിന് ആശ്വാസമായിരുന്നു.ജനകീയ ഹോട്ടലുകളിൽ സ്പെഷ്യൽ ഉൾപ്പെടെ 50രൂപയ്ക്ക് ഊണ് ലഭിക്കുമ്പോൾ സ്വകാര്യ ഹോട്ടലുകളിൽ ഇതിന് 100രൂപയ്ക്ക് മുകളിൽ നൽകണമായിരുന്നു. ചെറിയ സമ്മേളനങ്ങളുടെ സംഘാടകരും ഉച്ചഊണിന് ജനകീയ ഹോട്ടലുകളെയാണ് ആശ്രയിച്ചിരുന്നത്.

ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ ഗ്രാമീണ ജനസേവന മിഷനിൽ നിന്ന് ലഭിച്ച തുകയാണ് ജനകീയ ഹോട്ടലുകൾക്ക് സബിസിഡിയായി നൽകാൻ വിനിയോഗിച്ചത്. എന്നാൽ, ദേശീയ ഗ്രാമീണ ജനസേവന മിഷനിൽ നിന്നുള്ള ഫണ്ട് ജനകീയ ഹോട്ടലുകൾക്ക് നൽകരുതെന്ന് പിന്നീട് കേന്ദ്രം നിർദ്ദേശിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് സംസ്ഥാന തലത്തിൽ പ്രതിവർഷം 60കോടി രൂപ സബ്സിഡിക്കായി നീക്കിവച്ചെങ്കിലും ഈ തുക അപര്യാപ്തമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.സബ്സിഡിക്കായി 120കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യം.

സബ്സിഡി മുടങ്ങിയിട്ട് മൂന്ന് മാസം

ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി തുക നൽകിയിട്ട് മൂന്ന് മാസത്തോളമായി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ആരംഭിച്ച ഹോട്ടലുകൾക്ക് നാല് കോടിരൂപയാണ് നൽകാനുള്ളത്.

പോക്കറ്റ് കീറാതെ വിശപ്പ് മാറ്റാം

 ഒരു ഊണിന് നിരക്ക് 20രൂപ , സ്പെഷ്യലിന് 30 രൂപ

 ഊണിന് പത്ത് രൂപ സർക്കാർ സബ്സിഡിയായിരുന്നു

 ഗ്രാമങ്ങളിൽ പ്രതിദിനം ചെലവാകുന്നത് 80മുതൽ 200വരെ ഊണ്

 നഗരങ്ങളിൽ പ്രതിദിനം 800മുതൽ 1000വരെ ഊണ് ചെലവാകും

വിലങ്ങുതടിയായി വിലക്കയറ്റവും

 സബ്സിഡി കൃത്യമായി ലഭിക്കാത്തത്

 പാചക വാതകത്തിന് 1100രൂപയിൽ നിന്ന് 2200രൂപയായി

 മുളകിന് കിലോയ്ക്ക് 330രൂപയിൽ നിന്ന് 530രൂപയായി വർദ്ധിച്ചു

 അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന

പണമില്ലെങ്കിലും ചോറ്!

20 രൂപ നൽകാനില്ലാത്തവർക്കും ജനകീയ ഹോട്ടലിൽ ഊണ് കഴിക്കാനാകുമായിരുന്നു. ഹോട്ടലിന് മുന്നിലുള്ള ബോർഡിൽ ഷെയർ മീൽസ് ടോക്കണുകൾ ഉണ്ടാകും. ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്ക് ഫ്രീയായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് 20 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാം.

ജില്ലയിൽ ജനകീയ ഹോട്ടലുകൾ

ആകെ: 87

പഞ്ചായത്തുകളിൽ :76

നഗരസസകളിൽ :11

കഴിഞ്ഞ നവംബർ മുതലുള്ള സബ്സിഡി വിതരണം ചെയ്യാനുണ്ട്. പൊതുവിപണിയിൽ ഭക്ഷണവില പിടിച്ച് നിറുത്താൻ കുടുംബശ്രീ മിഷന്റെ ജനകീയ ഹോട്ടലുകൾക്ക് കഴിഞ്ഞിരുന്നു.

-കുടുംബശ്രീ ജില്ലാ മിഷൻ