തീരാതെ ആനപ്പേടി

Thursday 26 January 2023 3:54 AM IST

രാജാക്കാട്: അധികാരികളോട് പറഞ്ഞു മടുത്തു, ഇതിലും ഭേദം കാട്ടാനകളുടെ മുമ്പിൽ കൊല്ലാതിരിക്കാൻ അപേക്ഷിക്കുന്നതാ... ജീവനുകൾ എത്ര പൊലിഞ്ഞാലും ശാന്തമ്പാറ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ആനകളിൽ നിന്ന് രക്ഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഏറ്റവുമൊടുവിലെ ഇരയാണ് വനംവകുപ്പ് വാച്ചർ ശക്തിവേൽ. ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിനും സുരക്ഷാ നടപടികളുടെ ഭാഗമായും ആനകളെ നിരീക്ഷിക്കാൻ പോയതായിരുന്നു ശക്തിവേൽ. കാട്ടാനകളെ തന്ത്രപൂർവ്വം ജനവാസ മേഖലകളിൽ നിന്ന് കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ദ്ധനായ ദീർഘകാലത്തെ അനുഭവ പരിചയമുള്ള വാച്ചറെയാണ് നഷ്ടമായത്.

രാവും പകലും ജനവാസ കേന്ദ്രങ്ങളിൽ മേഞ്ഞു നടക്കുന്ന കാട്ടാനകൂട്ടങ്ങൾ ഇവിടത്തുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മുടൽമഞ്ഞും കൊടും വളവുകളും നിറഞ്ഞ ഈ മേഖലയിലൂടെ ജീവൻ പണയംവച്ച് വേണം യാത്ര ചെയ്യാൻ. ദേവികുളം റേഞ്ചിനു കീഴിൽ മാത്രം രണ്ട് പതിറ്റാണ്ടിനിടെ നാൽപതോളം പേരെയാണ് കാട്ടാനകൾ കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ ഇത്രയധികം പേർ വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു സ്ഥലമില്ല. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗുരുതരമായ പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്. വീടുകൾ, ഏലം സ്റ്റോറുകൾ, കാർഷിക വിളകൾ, വാഹനങ്ങൾ, പമ്പുസെറ്റുകൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. അക്രമണകാരികളായ ആനകളെ പിടികൂടി പ്രദേശത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ആനകളുടെ ആവാസകേന്ദ്രം

ആനയിറങ്കൽ അണക്കെട്ടിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നവയാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. മുമ്പ് ഇവിടത്തെ കിലോമീറ്ററുകൾ വിസ്തൃതിയുള്ള പുൽമേടുകളും വനവും ഒരിയ്ക്കൽ ആനകളുടെ ആവാസകേന്ദ്രമായിരുന്നു. ചക്കക്കൊമ്പൻ, അരിക്കൊമ്പൻ,​ മുറിവാലൻകൊമ്പൻ, ചില്ലിക്കൊമ്പൻ, പാത്തിക്കാലൻ, മുടിവാലൻ തുടങ്ങിയവയടക്കം മുപ്പതോളം കാട്ടാനകളാണ് മേഖലയിലുള്ളത്.

സമരം ചെയ്ത് മടുത്തു

സമരസമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെയുള്ള സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്ത് എത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ശാന്തരാക്കി വിടുക മാത്രമാണ് ചെയ്യുന്നത്. അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമണത്തിൻ അടിയന്തര പരിഹാരം കാണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. പലതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കാട്ടാനയെ പേടിച്ച് രാത്രി സമാധാനപരമായി വീട്ടിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. കാട്ടാനയെ എത്രയും ഉൾക്കാട്ടുകളിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ രാത്രി ഉറക്കമളച്ച് കാത്തിരിക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു.

ബഡ്ജറ്റിൽ പണം വകയിരുത്തണം: ഡീൻ കുര്യാക്കോസ് എം.പി

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കൊല്ലപ്പെട്ടത് അങ്ങേയറ്റം ഖേദകരമാണ്. സർക്കാർ അടിയന്തരമായി ഇടുക്കി ജില്ലയ്ക്കും ശാന്തമ്പാറ ഉൾക്കൊളളുന്ന ഏറ്റവും കൂടുതൽ കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട മേഖലയ്ക്കുമായി പദ്ധതി തയ്യാറാക്കണം. അതിനായി ബഡ്ജറ്റിൽ പണം വകയിരുത്തണം. വർഷങ്ങളായി ആളുകൾ തുടർച്ചയായി കൊല്ലപ്പെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.പി പറഞ്ഞു.


വന്യജീവി ആക്രമണം തടയാൻ പ്രത്യേക പദ്ധതിയെന്ന് വനംമന്ത്രി

ജില്ലയിലെ കാട്ടാനശല്യം തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മറ്റ് നടപടികൾ ചർച്ച ചെയ്യുന്നതിന് ഉടൻ സർവകക്ഷയോഗം ചേരുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം കേന്ദ്രഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാർ ഡിവിഷനിലും സമീപ പ്രദേശങ്ങളിലും സോളാർ ഹാൻങിംഗ് പവർ ഫെൻസിംഗ് ഉൾപ്പെടെ നടപ്പിലാക്കുന്നതിനും ജനവാസ മേഖലകളിലേക്കുള്ള കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിനുമായി വിശദമായ ഒരു പഠനം നടത്തിയിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് ആവശ്യമായ 194 ലക്ഷം രൂപ പ്രോജക്ട് എലിഫന്റ് പദ്ധതിയുടെ കീഴിൽ പട്ടിക വർഗ്ഗ സെറ്റിൽമെന്റ് പ്രദേശങ്ങൾക്കായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്കുകണ്ടം- ചെമ്പകത്താഴുകുടി സെറ്റിൽമെന്റ് പ്രദേശം- 8.2 കി.മീ, 80 ഏക്കർ കോളനി- 5 കി.മീ, പന്താടിക്കളം- 3.2 കി.മീ, തിടിർനഗർ- 1 കി.മീ, ബി.എൽ റാം മുതൽ തിടിർ നഗർ വരെ- 3.8 കി.മീ, കോഴിപ്പണ്ണക്കുടി- 0.5 കി.മീ എന്നിങ്ങനെ ഹാൻങിംഗ് സോളാർ പവർ ഫെൻസിംഗ് നിർമ്മിക്കും. ഇവിടങ്ങളിൽ ആർ.ആർ.ടി ശക്തിപ്പെടുത്തുന്നതിനും ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. 559 ആദിവാസ കുടുംബങ്ങൾക്കടക്കം ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

''കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർ ശക്തിവേൽ മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകും. അഞ്ച് ലക്ഷം രൂപ നാളെ തന്നെ നൽകും."

-വനംമന്ത്രി എ.കെ. ശശീന്ദ്രൻ

Advertisement
Advertisement