റെയിൽവേ ഭൂമി വിവാദത്തിനു പിന്നിൽ വികസന വിരുദ്ധത: പി.കെ. കൃഷ്ണദാസ്
കണ്ണൂർ: കണ്ണൂരിലെ റെയിൽവേ ഭൂമി പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ പ്രേരിതവും വികസന വിരുദ്ധവുമായ നിലപാടാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
റെയിൽവേ മേഖലയിൽ രാജ്യത്താകമാനം നരേന്ദ്ര മോദി സർക്കാർ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങൾക്കുളള സാമ്പത്തിക സ്രോതസ്സാണ് റെയിൽവേ ഭൂമി പാട്ടത്തിന് നൽകിയതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ ഭൂമി 25 കോടിയോളം രൂപയ്ക്കാണ് പാട്ടകരാർ. മാത്രമല്ല ഓരോ 3വർഷം കൂടുമ്പോഴും 15 ശതമാനം വർദ്ധന റെയിൽവേയ്ക്ക് ലഭിക്കും. കിഴക്ക് ഭാഗത്ത് 2.26 ഏക്കർ ഭൂമി റെയിൽവേ ക്വാർട്ടേഴ്സ് നിർമ്മിച്ച് നൽകാനാണ് പാട്ടത്തിന് നൽകുന്നത്. നടപടി ക്രമങ്ങൾ പാലിച്ച് സുതാര്യമായാണ് റെയിൽവേ ഭൂമി പാട്ടത്തിന് നൽകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട വികസനത്തിനായി വലിയ പ്രപ്പോസൽ റെയിൽവേയുടെ മുന്നിലുണ്ട്.
സ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തിലെ ഭൂമിയാണ് പാട്ടത്തിന് നൽകുന്നത്. പുതുതായി 4,5 ഫ്ളാറ്റു ഫോമുകൾക്കായി വികസനം നടക്കേണ്ടത് കിഴക്കെ കവാടത്തിലാണ്. ഇവിടെ ആവശ്യത്തിന് ഭൂമി നിലവിലുണ്ട്. തലശ്ശേരി, പയ്യന്നൂർ ഭാഗങ്ങളിൽ രണ്ട് മിനിഫ്ളാറ്റ് ഫോമുകൾ നിർമ്മിക്കേണ്ടതായിട്ടുണ്ട് -പി. കെ കൃഷ്ണദാസ് വ്യക്തമാക്കി. വാർത്താസമ്മേളത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും പങ്കെടുത്തു.