ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാർക്കിംഗും പണപ്പിരിവും അനുവദിക്കില്ല

Thursday 26 January 2023 12:15 AM IST

തിരുവനന്തപുരം: ആറ്രുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി നേടിയ ശേഷമാണോ എന്നറിയാൻ പൊലീസ് പരിശോധന നടത്താൻ ഇന്നലെ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ,താത്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം,ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. 'ആറ്റുകാൽ ഉത്സവക്കമ്മിറ്റി' എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നതും ഉത്സവത്തിന്റെ പേരിലുള്ള അനധികൃത പണപ്പിരിവും അനുവദിക്കില്ല. പൊങ്കാലയ്‌ക്കെത്തുന്നവർക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പൊലീസ് പ്രത്യേക സംവിധാനം ഒരുക്കും.

ഉത്സവപ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും. നഗരത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. ഭക്തർ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു,കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു,എ.ഡി.എം അനിൽ ജോസ് .ജെ, ആറ്റുകാൽ പൊങ്കാല നോഡൽ ഓഫീസറും സബ് കളക്ടറുമായ അശ്വതി ശ്രീനിവാസ്, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement