സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണം പാളി

Thursday 26 January 2023 12:16 AM IST

കണ്ണൂർ: സംസ്ഥാനത്ത് തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമാകാത്തത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. കഴി‌ഞ്ഞവർഷം ഒക്ടോബർ വരെ ആകെ വന്ധ്യംകരിച്ചത് 9001 തെരുവുനായകളെ മാത്രം.

നഗരങ്ങളും ഗ്രാമങ്ങളും റെയിൽവേ സ്റ്റേഷനുകളും ആശുപത്രി പരിസരവും ബസ് സ്റ്റാൻഡുകളുമെല്ലാം ഇപ്പോഴും നായകളുടെ വിഹാരകേന്ദ്രങ്ങൾ തന്നെയാണ്. എന്നാൽ വന്ധ്യംകരണം നടത്താനായി പിടിക്കുന്ന നായകളെ അഞ്ച് ദിവസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് തിരികെ വിടണമെന്നതുകൊണ്ടാണ് ഇവിടങ്ങളിൽ നായകളെ കാണുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം തെരുവുനായകളെ പാർപ്പിക്കാൻ പ‌ഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എന്തായി എന്ന ചോദ്യത്തിന് ഉത്തരമില്ല.

2019 ലെ സെൻസസ് പ്രകാരം 2,89,986 തെരുവുനായ്ക്കളാണ് സംസ്ഥാനത്തുള്ളത്. 2022 ആകുമ്പോഴേക്കും നാലര ലക്ഷത്തോളമാകാൻ സാധ്യതയുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2017 മുതൽ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവു നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് നായ പിടിത്തുക്കാരെ കിട്ടാത്തതും കുടുംബശ്രീ മുഖേനയുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞതും പദ്ധതിയുടെ പ്രവർത്തനത്തെ പിന്നോട്ടടിച്ചു. നായകളെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ചാൽ നായയ്ക്ക് ഒന്നിന് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പദ്ധതി പാളി.

18 എ.ബി.സി യൂണിറ്റ്

ലക്ഷക്കണക്കിന് നായകളെ വന്ധ്യംകരിക്കാൻ സംസ്ഥാനത്താകെ 18 ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കു‍കൾക്ക് കീഴിൽ ഒരു വന്ധ്യംകരണ കേന്ദ്രം എന്ന തോതിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എല്ലാ കോർപറേഷനുകളിലും എ.ബി.സി കേന്ദ്രം ആരംഭിക്കുമെന്നും മുനിസിപ്പാലിറ്റികൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ കേന്ദ്രം ആരംഭിക്കണമെന്നും തീരുമാനമുണ്ടായിരുന്നു.

വാക്സിനേഷനും തഥൈവ

2022 സെപ്തംബർ ഒന്ന് മുതൽ 23 ജനുവരി 9 വരെ 15,247 തെരുവു നായകൾക്കാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ, 3331 നായകൾക്ക്. എന്നാൽ നൂറ് കുത്തിവെപ്പ് പോലും നടക്കാത്ത 3 ജില്ലകളുണ്ട്. വയനാട് 6,​ ഇടുക്കി 20,​ കാസർകോട് 14.

ആറു വ‌ർഷത്തിനിടെ നായ കടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. കഴിഞ്ഞവർഷം 21 ആളുകളാണ് മരിച്ചത്. 2021ൽ 11, 2020 -5, 2019 -8 എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. 3,56,792 വ‍ളർത്തുനായകൾക്ക് കഴിഞ്ഞ നാല് മാസത്തിനിടയിൽ കുത്തിവെച്ചിട്ടുണ്ട്.

തെരുവ് നായ വാക്സിനേഷൻ ജില്ല തിരിച്ച്

(01-09-2022 മുതൽ 10-01-2023 വരെ)​

ആലപ്പുഴ -3187

എറണാകുളം -1119

ഇടുക്കി -20

കണ്ണൂർ -241

കാസർകോട് -14

കൊല്ലം -439

കോട്ടയം -840

കോഴിക്കോട് -380

മലപ്പുറം -404

പാലക്കാട് -1689

പത്തനംതിട്ട -271

തിരുവനന്തപുരം -3306

തൃശൂർ -3331

വയനാട് -6

ആകെ 15247

97 ശതമാനം

ലോകത്ത് പ്രതിവർഷം 50,000ലധികം പേവിഷബാധ മരണങ്ങളാണ് സംഭവിക്കുന്നത്. ഇന്ത്യയിൽ 97 ശതമാനം പേവിഷ ബാധ മരണങ്ങളും നടക്കുന്നത് നായയിൽ നിന്നുമാണ്. 2030ഓടെ അത്തരം മരണം ഇല്ലായ്മ ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.