മൃഗശാലയിൽ അധികൃതരുടെ പ്രതിരോധം ഫലം കണ്ടില്ല

Thursday 26 January 2023 12:17 AM IST

സ്ഥിതി വഷളായാൽ മൃഗങ്ങളെ കൊന്നൊടുക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ഒരാഴ്‌ചയ്ക്കിടെ 4 മൃഗങ്ങൾ കൂടി ക്ഷയരോഗം ബാധിച്ച് ചത്ത സാഹചര്യത്തിൽ മൃഗശാല അധികൃതരുടെ പ്രതിരോധ നടപടികൾ ഫലം കണ്ടില്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. സ്ഥിതി ഇനിയും വഷളായാൽ മന്ത്രിതല ചർച്ചകൾക്ക് ശേഷം രോഗം ബാധിച്ച മൃഗങ്ങളെ കൊന്നൊടുക്കണമെന്നും നിർദ്ദേശമുണ്ട്. സ്റ്രേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ സ്റ്റഡീസിലെ വിദഗ്ദ്ധ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് നിർദ്ദേശങ്ങളുള്ളത്. സ്ഥലത്തിന്റെ അപര്യാപ്‌തതയും ക്രമാതീതമായ വംശവർദ്ധനയും രോഗബാധ വർദ്ധിക്കാൻ കാരണമായി. ഇത് തടയാൻ മൃഗശാല അധികൃതർ സ്വീകരിച്ച നടപടികൾക്കായില്ല. കൃഷ്‌ണമൃഗം, മ്ലാവ്, പുള്ളിമാൻ എന്നിവയാണ് രോഗം ബാധിച്ച് ചത്തത്.

പ്രധാന ശുപാർശകൾ

പുള്ളിമാനുകളുടെയും കൃഷ‌്ണമൃഗങ്ങളുടെയും കൂടിനടുത്തെ കൂടുകളിലെ ആഫ്രിക്കൻ എരുമ, ഗോർ, മ്ലാവ്, പന്നിമാൻ എന്നിവയ്‌ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനായില്ല. ഇവയെ നിരീക്ഷിക്കണം

ക്ഷയരോഗ സ്ഥിരീകരണം പാലോട് സിയാദിലെയും വെറ്ററിനറി കോളേജിലെയും വിവിധ പരിശോധനയിലൂടെ. രോഗകാരണം 'മൈക്കോ ബാക്ടീരിയം ബോവിസ് 'എന്ന ബാക്‌ടീരിയ

രോഗബാധ സന്ദർശകരിലേക്കോ കീപ്പർമാർക്കോ പകരാനുള്ള സാഹചര്യമില്ല.എങ്കിലും ജീവനക്കാരെ ക്ഷയരോഗ പരിശോധനയ്‌ക്ക് വിധേയമാക്കണം

സന്ദർശകർക്ക് മാസ്‌ക് നിർബന്ധമാക്കണം

രോഗബാധയുള്ള മൃഗങ്ങളെ മാറ്റി പാർപ്പിക്കണം

അഴുക്കുചാലുകൾ നവീകരിക്കണം

ഭക്ഷണവും വെള്ളവും നൽകാൻ കൂടുതൽ സ്ഥലം വേണം

കൂടുകളിൽ അണുനശീകരണം നടത്തണം

 എലി, പൂച്ച, തെരുവുനായ്‌ക്കൾ എന്നിവയെ നിയന്ത്രിക്കണം

 ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കണം

Advertisement
Advertisement