ഇനി പിടിവീഴും! കോവളത്ത് എ.എൻ.പി.ആർ കാമറകൾ സജ്ജം

Thursday 26 January 2023 12:20 AM IST

കോവളം: ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉറപ്പാക്കാതെ വാഹനവുമായി നിരത്തിലിറങ്ങിയാൽ പിടിവീഴുമെന്ന കാര്യത്തിൽ സംശയം വേണ്ട. കോവളം ബൈപ്പാസിൽ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നേഷൻ) കാമറകൾ പ്രവർത്തനസജ്ജമായി. വെള്ളാർ ജംഗ്ഷൻ, സർവീസ് റോഡുകൾ, കോവളം ജംഗ്ഷൻ, ബീച്ച് റോഡ്, ആഴാകുളം ജംഗ്ഷൻ, തിയേറ്റർ ജംഗ്ഷൻ എന്നിവിടങ്ങളിൽ 10 കാമറകളാണ് ടൂറിസം വകുപ്പ് സ്ഥാപിച്ചത്. 200 മീറ്റർ ദൂരപരിധിയുള്ള എ.എൻ.പി.ആർ കാമറകൾ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ വരുന്ന വാഹനങ്ങളുടെ നമ്പർ പോലും കിറുകൃത്യമായി റെക്കാഡ് ചെയ്യും. വെളിച്ചം തരിമ്പില്ലെങ്കിലും നമ്പർ പ്ലേറ്റും യാത്രക്കാരുടെ ചിത്രവും വ്യക്തമായി പകർത്തും. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് കാമറകളെല്ലാം കോവളം എസ്.എച്ച്.ഒയുടെ ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ നടപടികൾ ഉടനടിയുണ്ടാകും. നിരത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ തന്നെ ട്രാഫിക് ലംഘനങ്ങളെല്ലാം എസ്.എച്ച്.ഒയ്‌ക്ക് മുന്നിലെത്തും. പിഴകൾ ചൂടാറും മുമ്പ് വീട്ടിലുമെത്തും. നിലവിൽ അമിതവേഗവും സിഗ്നൽ മറികടക്കലും പിടികൂടാനുള്ള കാമറകളും ഇന്റർസെപ്ടർ വാഹനങ്ങളുമാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്.

എല്ലാം കാണും

ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര

ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര

അനധികൃത പാർക്കിംഗ്

വൺവേ തെറ്റിക്കൽ

ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം

അമിത വേഗം