ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം, നാല് കർഷകർക്കും ജാമ്യം

Thursday 26 January 2023 12:32 AM IST

ന്യൂഡൽഹി:ലഖിം പൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി നാല് പേരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് എട്ട് ആഴ്ച്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. മാർച്ച് 14 ന് അന്തിമവാദം നടക്കും.

ജാമ്യം കർശന ഉപാധികളോടെ

ജാമ്യ കാലയളവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും പരിസരങ്ങളിലും താമസിക്കരുത്.

ജാമ്യത്തിലിറങ്ങി ഒരാഴ്ച്ചയ്ക്കകം യു.പി വിടണം.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കും.

താമസിക്കുന്നത് എവിടെയെന്ന് വിചാരണക്കോടതിയെ അറിയിക്കണം.

താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തണം.

2021 ഒക്ടോബർ 3 നാണ് ലഖിം പൂർ ഖേരി സംഭവം. ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറി നാല് പേർ കൊല്ലപ്പെട്ടതോടെ ക്ഷുഭിതരായ കർഷകരുടെ അക്രമങ്ങളിൽ രണ്ട് ബി. ജെ. പി പ്രവർത്തകരും ഒരു ഡ്രൈവറും ഒരു മാദ്ധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.രണ്ടാമത്തെ കേസിൽ പ്രതികളായ നാല് കർഷകർക്ക് കോടതി സ്വമേധയാ ഇടക്കാല ജാമ്യം അനുവദിച്ചു,