പാകിസ്ഥാനിൽ മുൻ മന്ത്രി അറസ്റ്റിൽ

Thursday 26 January 2023 6:24 AM IST

കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയിലെ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) മുതിർന്ന നേതാവ് ഫവാദ് ചൗധരി അറസ്റ്റിൽ. ഭരണഘടനാ സ്ഥാപനത്തിന് നേരെ അക്രമം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഇന്നലെ ലാഹോറിലെ വസതിയിൽ നിന്നായിരുന്നു അറസ്റ്റ്. മുൻ ഫെഡറൽ മന്ത്രിയായ ഫവാദ് സർക്കാരിനെയും ഇലക്ഷൻ കമ്മിഷനെയും വിമർശിച്ച് കഴിഞ്ഞ ദിവസം പ്രസംഗം നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മിഷൻ സെക്രട്ടറി സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാജ്യദ്രോഹ വകുപ്പുകളും ഫവാദിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. അതേ സമയം, ഫവാദിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇമ്രാൻ ഖാനെയും ഉടൻ അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായും പി.ടി.ഐ ആരോപിച്ചു. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് സർക്കാരിനെതിരെ ലോംഗ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇമ്രാനെ വീട്ടുതടങ്കലിലാക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് ആരോപണം.