ഉത്തര കൊറിയയിൽ ലോക്ക്‌ഡൗൺ
Thursday 26 January 2023 6:25 AM IST
പ്യോംഗ്യാംഗ്: ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ' ശ്വാസകോശ സംബന്ധമായ" രോഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രോഗം ഏതെന്ന് അധികൃതർ വ്യക്തമാക്കിയില്ലെങ്കിലും കൊവിഡ് 19 ആണെന്നാണ് നിഗമനം. പ്യോംഗ്യാംഗിലുള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും തുടർച്ചയായി പരിശോധന നടത്തണമെന്നും ഭരണകൂടം നിർദ്ദേശിച്ചതായാണ് വിവരം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാന നടപടി ഏർപ്പെടുത്തിയോ എന്ന് വ്യക്തമല്ല. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വ്യക്തമായ ഡേറ്റകളൊന്നും ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 40 ലക്ഷത്തോളം പേർക്ക് 'പനി" ബാധിച്ചെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ജൂലായ് 29ന് ശേഷം ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.