കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമലഹാസൻ യു പി എ സഖ്യത്തിലേക്ക്?
Thursday 26 January 2023 1:03 PM IST
ചെന്നൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമലഹാസന്റെ മക്കൾ നീതി മയ്യം യു പി എ സഖ്യത്തിൽ ചേർന്നേക്കും. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഇ വി കെ എസ് ഇളങ്കോവന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മക്കൾ നീതി മയ്യം.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഇളങ്കോവന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കമലഹാസൻ അറിയിച്ചു. ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കമലഹാസന്റെ പ്രഖ്യാപനം. പിന്തുണയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ലെന്ന് കമലഹാസൻ വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ചില പാർട്ടികളുമായുള്ള വിയോജിപ്പ് മറക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.