ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന സർക്കാർ,​ റിപ്പബ്ലിക് ദിനാഘോഷം നടത്തിയില്ല; രാജ്ഭവനിൽ പതാക ഉയർത്തി ഗവർണർ

Thursday 26 January 2023 3:37 PM IST

ഹൈദരാബാദ്: ഹൈക്കോടതി നിർദേശമുണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരം റിപ്പബ്ലിക് ദിനം ആഘോഷിക്കാതെ തെലങ്കാന സർക്കാർ. കൊവിഡ് മുൻകരുതലിന്റെ ഭാഗമായിട്ടാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ ആഘോഷം സംഘടിപ്പിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

തുടർച്ചയായ മൂന്നാം വർഷമാണ് തെലങ്കാനയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്താത്തത്. അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ തെലങ്കാന ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തണമെന്ന് നിർദേശം നൽകിയിരുന്നു.

അതേസമയം, രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സെക്കന്തരാബാദിലെ സൈനിക സ്മാരകത്തിലെത്തി മുഖ്യമന്ത്രി റീത്ത് സമർപ്പിച്ചു.