ഈജിപ്‌ഷ്യൻ പ്രസിഡന്റിനെ കൊണ്ടുവന്ന മോദിയുടെ തന്ത്രം ഫലിച്ചു, ഇന്ത്യയ്ക്ക് ആദ്യമായി സുവർണാവസരം വാഗ്‌ദാനം ചെയ്ത് ഈജിപ്‌ത്

Friday 27 January 2023 10:29 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾ സ്വാഗതം ചെയ്ത് ഈജിപ്ത്. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, രാജ്യത്തെ പദ്ധതികളിൽ നിക്ഷേപത്തിനും നിക്ഷേപത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വം ഈജിപ്ഷ്യൻ അധികാരികളുമായി നടത്തിയ ചർച്ചയിലെ പ്രധാന വിഷയം ഇതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ 50ലധികം ഇന്ത്യൻ കമ്പനികൾക്ക് ഈജിപ്തിൽ 3.15 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയിൽ ഈജിപ്ഷ്യൻ നിക്ഷേപം ഏകദേശം 37 മില്യൺ ഡോളർ മാത്രമാണ്. ഈജിപ്തുമായുള്ള ഇന്ത്യയുടെ വ്യാപാരം 2018-19-ൽ 4.5 ബില്യൺ ഡോളറായിരുന്നു. ഇത് 2021-22-ൽ 7.26 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 12 ബില്യൺ ഡോളറായി ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസവും ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചു. സൂയസ് കനാൽ ഇക്കണോമിക് സോണിൽ (എസ്‌സിഇസെഡ്) ഇന്ത്യൻ വ്യവസായങ്ങൾക്കായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുന്നതിനുള്ള സാദ്ധ്യത ഈജിപ്ത് പരിഗണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങൾ സ്വാഗതം ചെയ്ത ഈജിപ്ത്, ഇന്ത്യയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു.

ജനുവരി 24 മുതൽ 27 വരെയാണ് അബ്ദുൾ ഫത്താഹ് അൽസിസി ഇന്ത്യയിലുള്ളത്. റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ ഈജിപ്ഷ്യൻ പ്രസിഡന്റാണ് അദ്ദേഹം. പരേഡിൽ ഈജിപ്ത് സൈനിക സംഘവും പങ്കെടുത്തിരുന്നു. പരേഡിൽ, ഈജിപ്ഷ്യൻ ആർമിയുടെ ഒരു സൈനിക സംഘം ആദ്യമായി കർത്തവ്യപഥിലെ സല്യൂട്ട് ഡെയ്സിലേക്ക് മാർച്ച് ചെയ്തു. കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിൽ 144 സൈനികർ അടങ്ങുന്ന സംഘമാണ് ഈജിപ്ഷ്യൻ സായുധ സേനയുടെ പ്രധാന റെജിമെന്റുകളെ പ്രതിനിധീകരിച്ച് എത്തിയത്.

ഇതിന് ശേഷം രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു നൽകിയ സ്വീകരണത്തിലും അബ്ദുൽ ഫത്താഹ് അൽ സിസി പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവരും രാഷ്ട്രപതി ഭവനിലെ 'അറ്റ് ഹോം' സ്വീകരണത്തിൽ പങ്കെടുത്തു.

2022 സെപ്തംബറിൽ ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈജിപ്ത് സന്ദർശന വേളയിൽ പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചതിനെ അബ്ദുൽ ഫത്താഹ് അൽ സിസി സ്വാഗതം ചെയ്തു. എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സാങ്കേതിക വിദ്യ, സൈനിക അഭ്യാസങ്ങൾ എന്നിവയുടെ കൈമാറ്റത്തിനും ധാരണയായി. 2028-29 കാലയളവിൽ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വവും ഈജിപ്ത് പരിഗണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement