ബംഗാളിൽ ഗവർണർ ആനന്ദ ബോസിനെതിരെ തിരിഞ്ഞ് ബിജെപി നേതാക്കൾ; മമതയുടെ സിറോക്‌സ് കോപ്പിയെന്ന് ആക്ഷേപം

Friday 27 January 2023 12:03 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ പരാതിയുമായി ബംഗാളിലെ ഒരു വിഭാഗം ബിജെപി നേതാക്കൾ. മമതാ ബാനർജിയുടെ ആഗ്രഹത്തിനനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് ചില ബിജെപി നേതാക്കൾ പറയുന്നത്. ഗവർണർക്ക് പ്രത്യേക രാഷ്‌ട്രീയ താൽപര്യങ്ങളുണ്ടെന്ന് ബിജെപി നേതാവ് സ്വ‌പൻ ദാസ്‌ഗുപ്‌ത ആരോപിച്ചു. മമതാ ബാനർജിയുടെ സിറോക്‌സ് കോപ്പിയാണ് സി.വി ആനന്ദ ബോസെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

രാജ്‌ഭവനിൽ കഴിഞ്ഞ ദിവസം ഗവർണർ 'ഹാതെ ഖോരി' എന്ന പേരിൽ ഒരു വിദ്യാഭ്യാസ പരിപാടി നടത്തിയിരുന്നു. റിപബ്ളിക് ദിനത്തിൽ നടന്ന ഈ ചടങ്ങിൽ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെ ആനന്ദ ബോസ് തൃണമൂലുമായി അടുക്കുകയാണെന്ന് ഒരുവിഭാഗം ബിജെപി നേതാക്കൾ കരുതുന്നു. ഇതോടൊപ്പം സി.വി ആനന്ദ ബോസിനെ ഗവർണറായി നിശ്ചയിച്ച കേന്ദ്ര നേതൃത്വ തീരുമാനത്തെ ബിജെപി നേതാക്കൾ ചോദ്യം ചെയ്യുകയുമുണ്ടായി.