ക്ഷേത്ര കാര്യത്തിൽ സർക്കാർ എന്തിന് ഇടപെടുന്നു, ക്ഷേത്രഭരണം വിശ്വാസികൾക്ക് നൽകിക്കൂടേയെന്ന് സുപ്രീംകോടതി

Friday 27 January 2023 2:16 PM IST

ന്യൂഡൽഹി: ക്ഷേത്രഭരണ കാര്യത്തിൽ സർക്കാർ എന്തിനാണ് ഇടപെടുന്നതെന്ന് ചോദ്യവുമായി സുപ്രീംകോടതി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസികൾക്ക് നൽകിക്കൂടേയെന്നും ക്ഷേത്രഭരണം വിശ്വാസികൾ നടത്തട്ടെയെന്നും ജസ്‌റ്റിസ് എസ്.കെ കൗൾ, എ.എസ് ഓക എന്നിവരുടെ ബെഞ്ച് ആരാഞ്ഞു.

ആന്ധ്രയിലെ അഹോബിലം നരസിംഹസ്വാമി ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്രാപ്രദേശ് സർക്കാർ നടപടിയെ തളളിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി തളളിക്കളഞ്ഞാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. സർക്കാർ എന്തിനാണ് ക്ഷേത്രഭരണത്തിൽ ഇടപെടുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

അഹോബിലം നരസിംഹക്ഷേത്രത്തിന്റെ ഭരണം അഹോബിലം മഠത്തിനാണ്. മഠം തമിഴ്‌നാട്ടിലായതിനാൽ ക്ഷേത്രഭരണത്തിനുള‌ള അവകാശം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. 'നിങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നത് എന്തിന്?' ആന്ധ്രാ സർക്കാരിനായി ഹാജരായ അഭിഭാഷകനോട് ജസ്‌റ്റിസ് കൗൾ ചോദിച്ചു. 'ക്ഷേത്ര കാര്യങ്ങൾ വിശ്വാസികൾ തീരുമാനിക്കട്ടെ. ക്ഷേത്രങ്ങളടക്കം എന്തുകൊണ്ട് വിശ്വാസികൾക്ക് വിട്ടുനൽകിക്കൂടാ' അദ്ദേഹം വാദത്തിനിടെ പറഞ്ഞു. ചരിത്ര പുസ്‌തകങ്ങളും രേഖകളും ആധാരമാക്കിയാണ് ആന്ധ്രാ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിന്റെ വാദം തളളിയത്.

കേസിൽ സർക്കാരിനായി മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്‌ഡിയാണ് സുപ്രീംകോടതിയിൽ ഹാജരായത്. മഠത്തിനുവേണ്ടി കേസ് വാദിച്ചത് മുതിർന്ന അഭിഭാഷകരായ സതീഷ് പ്രസാരൺ, സി.ശശിധരൻ, പി.ബി സുരേഷ്, വിപിൻ നായർ എന്നിവരാണ്.

Advertisement
Advertisement