മത്സ്യഫെഡ് ഔട്ട്‌ലെറ്റുകളിലും ഗുണനിലവാരം കുറഞ്ഞ മത്സ്യം.

Saturday 28 January 2023 12:34 AM IST

കോട്ടയം . കുറഞ്ഞനിരക്കിൽ ഗുണനിലവാരമുള്ള മത്സ്യം വിതരണം ചെയ്യുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച മത്സ്യഫെഡ് ഔട്ട്‌ലെറ്റുകളിലും വിൽക്കുന്നത് രാസവസ്തു ചേർത്ത മത്സ്യങ്ങളെന്ന് ആക്ഷേപം. കേരളത്തിലെ ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നുമാണ് മുൻപ് ഔട്ട്‌ലെറ്റുകളിലേക്ക് ആവശ്യമായ മത്സ്യങ്ങൾ സംഭരിച്ചിരുന്നത്. ഇവയ്ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. ജില്ലയിൽ 50 ന് മുകളിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്. ഇവ ലാഭകരമായാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ അടുത്തകാലത്തായാണ് ആക്ഷേപം ഉയരുന്നത്. അന്യസംസ്ഥാന ലോബികൾ എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങളാണ് ഔട്ട്‌ലെറ്റുകൾ വഴി വില്പന നടത്തുന്നതെന്നതാണ് പരാതി. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഈ ലോബിയ്ക്ക് ഒത്താശ നൽകുന്നുണ്ട്. വിപണിയിലേതിനെക്കാൾ ഉയർന്ന വിലയുമാണ് ഈടാക്കുന്നത്. ഉൾനാടൻ മത്സ്യതൊഴിലാളികളുടെ മത്സ്യങ്ങളും വളർത്തുകർഷകരുടെ മത്സ്യങ്ങളും സംഭരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നില്ല.

ഭക്ഷ്യോപദേശക സമിതിയംഗം എബി ഐപ്പ് പറയുന്നു.

ഗുണനിലവാരമുള്ള മത്സ്യങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ ഔട്ട്‌ലെറ്റുകളിൽ എത്തുന്നതെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുക്കണം. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ നടപടികൾ ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകി.