മുറ്റത്തൊരു മീൻതോട്ടം.
Saturday 28 January 2023 12:01 AM IST
കോട്ടയം . 'മുറ്റത്തൊരു മീൻതോട്ടം' പദ്ധതി കല്ലറ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു. നിലവിൽ ആറ് ഗുണഭോക്താക്കളാണുള്ളത്. വീടിനു മുന്നിൽ തയ്യാറാക്കുന്ന ചെറിയ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അവയെ വളർത്തി മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതാണ് മുറ്റത്തൊരു മീൻതോട്ടം പദ്ധതി. ഫിഷറീസ് വകുപ്പിന്റെയും കേരള ജലകൃഷി വികസന ഏജൻസിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് കുളം നിർമ്മിക്കാൻ 8000 രൂപ വീതം നൽകും. അര സെന്റിലാണ് കുളം തയ്യാറാക്കേണ്ടത്. പദ്ധതിക്കായി അപേക്ഷിച്ചവരിൽ നിന്ന് പഞ്ചായത്ത് തിരഞ്ഞെടുത്ത കർഷകർക്ക് പരിശീലനം നൽകി മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നൽകും. 500 അനബസ് മീൻകുഞ്ഞുങ്ങളെയാണ് നൽകുന്നത്.