പൊതുഅവധിക്ക് ശമ്പളം നൽകിയില്ല; ബാർ ഉടമയോടുള്ള ദേഷ്യത്തിന് അടുക്കളയിൽ പാറ്റകളെ ഇറക്കിവിട്ട് ഷെഫ്

Friday 27 January 2023 5:01 PM IST

ലണ്ടൻ: പൊതുഅവധി ദിവസത്തെ ശമ്പളം നൽകാത്തത്തിന് ബോസുമായുണ്ടായ തർക്കത്തിന് പിന്നാലെ പബിലെ അടുക്കളയിലേയ്ക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫ്. യുകെയിലെ ലിങ്കണിലാണ് സംഭവം. 25കാരനായ ഷെഫ് ടോം വില്യംസാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബർ 11നാണ് സംഭവം നടന്നത്. അവധിയെടുത്തതിനാൽ ശമ്പളത്തിൽ നിന്ന് 100 പൗണ്ട് (ഏകദേശം 10,000) രൂപ കുറയ്ക്കുമെന്ന് ബാർ ഉടമ പറഞ്ഞതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. ശമ്പളം കിട്ടില്ല എന്ന് ഉറപ്പായതോടെ ടോം മടങ്ങിയെങ്കിലും അടുക്കളയിലെത്തി പാറ്റയെ തുറന്നുവിടുകയായിരുന്നു. തുടർന്ന് സ്ഥലം വൃത്തിയാക്കുന്നതിനായി എൻവയോൺമെന്റൽ ഹെൽത്ത് ആന്റ് പെസ്റ്റ് കൺട്രോളിനെ വിളിക്കുകയും പബ് അടയ്ക്കുകയും ചെയ്തു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബാറിനുണ്ടായത്.

നവംബർ 21ന് ടോമിനോട് കോടതിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തുടർന്ന് 28ന് ഇയാൾ കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയും ഷെഫിന്റെ നടപടിയെ വിമർശിച്ചു. പ്രതിക്ക് 17 മാസത്തെ ജയിൽ ശിക്ഷയും 200 മണിക്കൂർ ശമ്പളമില്ലാത്ത പൊതു സേവനത്തിൽ ഏർപ്പെടണമെന്നും കോടതി വിധിച്ചു.