ഹിന്ദു സന്യാസിമാർ ആരാച്ചാരും തീവ്രവാദികളും; കടുത്ത പ്രകോപനവുമായി സമാജ്‌വാദി പാർട്ടി നേതാവ്

Friday 27 January 2023 6:00 PM IST

ലക്‌നൗ: സന്യാസിമാർക്ക് നേരെ കടുത്ത പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവ്. മുൻ യുപി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയാണ് ഹിന്ദു സന്യസിമാരെക്കുറിച്ച് മോശം പരാമർശം നടത്തിയത്. സന്യാസിമാർ തീവ്രവാദികളും ആരാച്ചാർമാരുമാണെന്നാണ് മൗര്യ അഭിപ്രായപ്പെട്ടത്. സമാജ്‌വാദി പാർട്ടിയുടെ പിന്നാക്കവിഭാഗത്തിലെ പ്രബല നേതാവാണ് മൗര്യ.

മുൻപ് തുളസീദാസ് രചിച്ച 'രാമചരിതമാനസം' എന്ന വിഖ്യാത ഗ്രന്ഥത്തെക്കുറിച്ചും മോശം അഭിപ്രായം മൗര്യ രേഖപ്പെടുത്തിയിരുന്നു. രാമചരിതമാനസത്തിലെ ചില ഭാഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെ ജാത്യാടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നതാണെന്നും അതിനാൽ ഗ്രന്ഥം നിരോധിക്കണമെന്നും സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടിരുന്നു. ജാതി, വർ‌ണം, വർ‌ഗം എന്നിവയടിസ്ഥാനമാക്കി ഏതെങ്കിലുമൊരു വിഭാഗത്തിന് അവഹേളനമായി തോന്നിയാൽ ആ കൃതി ധർമ്മമല്ല അധർമ്മമമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

താൻ രാമനെക്കുറിച്ചോ കൃതിയിലെ മറ്റ് കാര്യങ്ങളോ അല്ല പറഞ്ഞതെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പാർട്ടിയുടെ അഭിപ്രായമല്ല എന്നും സ്വാമി പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു. സംഭവത്തിൽ ചൊവ്വാഴ്‌ച അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സന്യാസിമാർക്കെതിരായി മൗര്യ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.