ചുട്ടുപൊള്ളി പഴം വിപണി.

Saturday 28 January 2023 12:02 AM IST

കോട്ടയം . കത്തുന്ന വേനലിൽ നാടാകെ ചുട്ടുപഴുക്കുമ്പോൾ പഴങ്ങൾക്കും ജ്യൂസിനും വില കുതിച്ചുയരുന്നു. വിവിധ ഇനം പഴവർഗങ്ങൾക്ക് ഇരട്ടിയോളം വിലയാണ് വർദ്ധിച്ചത്. ആപ്പിളിന് കിലോയ്‌ക്ക് 200 മുതൽ 280 വരെ. മുന്തിരിക്കാകട്ടെ 130 മുതൽ 200 വരെയും. തണ്ണിമത്തിന് മാത്രമാണ് വിലക്കുറവുള്ളത് 25 രൂപ. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങളെത്തുന്നത്. ചൂടിൽ നിന്ന് രക്ഷതേടി ജനം പഴങ്ങളെയും ജ്യൂസുകളെയും ആശ്രയിച്ചതോടെയാണ് ആവശ്യക്കാരേറിയത്. തണ്ണിമത്തൻ, സീഡ്‌ലസ് മുന്തിരി തുടങ്ങി ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. അതേസമയം പല പഴങ്ങളും വിപണിയിൽ കിട്ടാനില്ല. ഇറക്കുമതി ആപ്പിളുകൾ മാത്രമാണ് വിപണിയിൽ സുലഭം. എന്നാൽ കാശ്മീരി ആപ്പിളിന്റെ സീസൺ കഴിഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ഇറാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗാല, പിങ്ക്‌ലേഡി എന്നീ ആപ്പിളുകളാണ് വിപണിയിലുള്ളത്. തണ്ണിമത്തൻ കിരൺ (കടുംപച്ച), മഞ്ഞ, ഇളം പച്ചനിറത്തിലുള്ള വലിയ തണ്ണിമത്തൻ എന്നിവയാണ് വിപണിയിൽ എത്തുന്നത്. 30 രൂപ വരെയാണ് വില.

വഴിയോരക്കച്ചവടം ഉഷാർ, പക്ഷെ ഗുണനിലവാരമോ.

ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുയർന്നു. തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും.

എന്നാൽ എല്ലാ കടകളും പ്രവൃത്തിക്കുന്നത് വൃത്തിയായ സാഹചര്യങ്ങളിലല്ല. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു. ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 20 മുതൽ 25 രൂപവരെയാണ്. വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നും ആക്ഷപമുണ്ട്.

 വിപണി ഉണർന്നെന്ന് വ്യാപാരികൾ

ചൂടുവർദ്ധിച്ചതോടെ പഴം വിപണിയിൽ മൊത്തകച്ചവടക്കാരും വഴിയോര കച്ചവടക്കാരും സജീവമായി. പഴങ്ങൾക്ക് അത്യാവശ്യം കച്ചവടം നടക്കുന്നുണ്ടെന്ന് കളക്ടറേറ്റിന് സമീപം വ്യാപാരം നടത്തുന്ന ആസിഫ് പറഞ്ഞു. വരും ദിവസങ്ങളിൽ ശീതളപാനീയ വിപണിയിൽ വില വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.

ഞാലിപ്പൂവന് 66 രൂപ

 ആപ്പിൾ വില (കിലോയ്ക്ക്)- 200 - 280 രൂപ

 സീഡ്‌ലസ് മുന്തിരി പച്ച- 130

 കറുപ്പ്- 200

 പപ്പായ- 50

 കിനു ഓറഞ്ച് 110

 തായ്‌ലന്റ് പേരക്ക- 120

 കിവി- 100 (ബോക്‌സ്)

 ഞാലിപ്പൂവൻ- 66

 റോബസ്റ്റാ- 45,

 ഏത്തക്കായ നാടൻ- 65

 ഏത്തക്കായ വരവ്- 55

 തണ്ണിമത്തൻ കിരൺ (കടുംപച്ച)- 30

 ഇളംപച്ചനിറമുള്ള തണ്ണിമത്തൻ- 25