ബന്ധുക്കൾ തമ്മിലുള്ള തർക്കം അക്രമത്തിലെത്തി

Saturday 28 January 2023 2:45 AM IST

പൂവച്ചൽ:ബന്ധുക്കൾ തമ്മിലുള്ള തർക്കം അക്രമത്തിൽ കലാശിച്ചു.പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫാറൂഖ്,ഭാര്യ,മകൻ എന്നിവർക്കാണ് ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റത്.സംഭവത്തിൽ ഫറൂഖിന്റെ സഹോദരിയുടെ മകൻ നൗഫൽ,ഇയാളുടെ സുഹൃത്ത് ബിനോയ് എന്നിവർക്കും പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഫാറൂഖിന്റെ വീട്ടിൽ ബിനോയും സുഹൃത്തുക്കളും ബൈക്കുകളിൽ എത്തിയാണ് ആക്രമിച്ചത്.ആക്രമണത്തിൽ ഫാറൂഖിന്റെ തലയ്ക്ക് വെട്ടേറ്റു .ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഫാറൂഖിന്റെ ഭാര്യയ്ക്കും 16 വയസ്സുള്ള മകനും ചെറിയതോതിൽ പരിക്കേറ്റു.ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഫാറൂഖും ബിനോയിയും തമ്മിൽ റോഡിൽ വച്ച് വഴക്കുണ്ടായി.മകൾ തങ്ങളിൽ നിന്ന് അകന്ന് പോകാൻ കാരണം നൗഫൽ ,ബിനോയ് എന്നിവരാണെന്നും ഇതിന്റെ പേരിൽ ഫാറൂഖ് ഇവരെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച രാവിലെ വർക്ക്ഷോപ്പിൽ നിൽക്കുകയായിരുന്ന ബിനോയിയെ വാളു കാട്ടി ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു കൊണ്ട് ആക്രമിക്കുകയും ചെയ്തു.മർദ്ദനമേറ്റ ബിനോയ് സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോകുകയും നൗഫൽ ഉൾപ്പെടെ സുഹൃത്തുക്കളുമായി തിരികെ എത്തി ആക്രമണം നടത്തുകയുമായിരുന്നുവെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. .