അർബൻ നിധി നിക്ഷേപ തട്ടിപ്പ്, മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ, 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി

Friday 27 January 2023 6:54 PM IST

കണ്ണൂർ : കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിലായി, ഒളിവിലായിരുന്ന ആന്റണിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സ്ക്വാഡും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും, ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു, ഇതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ച 350 പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. രാജ്യത്തിന് പുറത്ത് നിന്നും വൻതോതിൽ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഹവാല ഇടപാടുകൾ നടന്നതായുംപൊലീസിന് സംശയമുണ്ട്. കേസിലെ പ്രതികളായ തൃശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു, 12 ശതമാനം പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.