ബഫർസോണിൽ ഉമ്മൻചാണ്ടിയെ വെട്ടി, കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം.

Saturday 28 January 2023 12:57 AM IST

കോട്ടയം . ബഫർസോൺ പ്രശ്നത്തിൽ എയ്ഞ്ചൽ വാലിയിൽ ആന്റോ ആന്റണി എം പി നടത്തിയ ഉപവാസ സമരപോസ്റ്ററിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിൽ വീണ്ടും വിവാദം. ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലാണെങ്കിലും സജീവരാഷ്ട്രീയം ഉപേക്ഷിക്കാത്ത ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് നന്ദികേടാണെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം.

സമാപനസമ്മേളന ഉദ്ഘാടകനായ കെ മുരളീധരൻ എം പി, ആന്റോ ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, നാട്ടകം സുരേഷ്, മോൻസ് ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങളാണുള്ളത്. പൂഞ്ഞാറിൽ സ്ഥാനാർത്ഥിയായിരുന്ന ഡി സി സി മുൻ പ്രസിഡന്റ് ടോമി കല്ലാനിയുടെ ചിത്രമില്ല. അതേസമയം താരതമ്യേന ജൂനിയറായ പി എ സലീമിന്റെ ചിത്രം പോസ്റ്ററിലുള്ളതും പ്രവർത്തകരെ ചൊടിപ്പിച്ചു. എയ്ഞ്ചൽ വലിയിൽ നേരത്തേ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത ബഫർസോൺ വിരുദ്ധ സമര പോസ്റ്ററിലും ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് പകരം ചാണ്ടി ഉമ്മന്റെ പേര് സജീവ ചർച്ചയായിട്ടുണ്ട്. ഇതേത്തുടർന്ന് ഉമ്മൻചാണ്ടിയെ പോസ്റ്ററിൽ നിന്ന് വെട്ടിയതാണെന്നും ആരോപണമുണ്ട്.