കാമുകനൊപ്പം വിമല രാമന്റെ 42-ാം പിറന്നാൾ

Saturday 28 January 2023 12:03 AM IST

മലയാളത്തിന് പരിചിതമായ തെന്നിന്ത്യൻ താരമാണ് വിമല രാമൻ. കഴിഞ്ഞദിവസം വിമലയുടെ 42-ാം പിറന്നാളായിരുന്നു. ഇപ്രാവശ്യം സിഡ്നിയിൽ കുടുംബത്തിനൊപ്പമാണ് വിമല പിറന്നാൾ ആഘോഷിച്ചത്. കാമുകനും നടനുമായ വിനയ് റായ്‌ക്കൊപ്പമുള്ള പിറന്നാൾ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു . എന്റെ കുടുംബത്തിനൊപ്പം എന്നാണ് ചിത്രങ്ങൾക്ക് വിമല നൽകിയ അടിക്കുറിപ്പ് . ഇതോടെ വിമലരാമൻ - വിനയ് റായ് പ്രണയം സത്യമാണെന്ന് ആരാധകർ ഉറപ്പിച്ചു. 2011 ൽ പുറത്തിറങ്ങിയ ഇംഗ്ളീഷ് ത്രിമാന ചിത്രം ഡാം 999 ൽ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിരുന്നു. ഇതിനുശേഷമാണ് വിമലയും വിനയ് യും പ്രണയത്തിലാകുന്നത്. സുരേഷ് ഗോപിയുടെ നായികയായി ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ വിമല രാമൻ മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും മോഹൻലാലിന്റെ നായികയായി കോളേജ് കുമാരനിലും ദിലീപിന്റെ നായികയായി റോമിയോയിലും അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്. തമിഴിൽ 2022 ൽ പുറത്തിറങ്ങിയ ഗ്രാൻമയിലും.തമിഴകത്ത് ഏറെ പരിചിതനായ വിനയ് റായ് തുപ്പറിവാലൻ, ഡോക്ടർ എന്നീ ചിത്രങ്ങളിൽ പ്രതിനായകനായി തിളങ്ങിയിരുന്നു. സൂര്യ നായകനായ എതർക്കും തുനിന്തവനാണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൂടെ വിനയ് റായ് പ്രതിനായക വേഷത്തിൽ മലയാളത്തിലേക്ക് എത്തുന്നുണ്ട്.