നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല; സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ വീണ്ടും പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാൻ

Friday 27 January 2023 7:52 PM IST

തിരുവനന്തപുരം: വിവിധ മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളിലടക്കം സർക്കാർ മികച്ച പ്രവ‌ർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണ് വിമർശിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖല സംസ്ഥാന സർക്കാരിന് മാത്രം പരമാധികാരമുള്ളതല്ല എന്ന സൂചനയും ആരിഫ് മുഹമ്മദ് ഖാൻ നൽകി. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെട്ട കാര്യമാണ്. അതിനാൽ നിയമസഭയ്ക്ക് അതിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല അദ്ദേഹം പറഞ്ഞു. അതേസമയം സർവകലാശാല ചാൻസലർ നിയമനത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ച ഗവർണർ റിപ്പബ്ളിക് ദിനത്തിലെ പ്രസംഗത്തിലും പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ചിരുന്നു.

സാമൂഹികസുരക്ഷയിൽ കേരളം രാജ്യത്തിന് മാതൃകയായി എന്ന് പരമാർശിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നതായും ചൂണ്ടിക്കാട്ടി. കേരള സ്റ്റാർട്ടപ്പ് മിഷൻ, ലൈഫ് പദ്ധതി, ആർദ്രം മിഷൻ എന്നീ പദ്ധതികളെയും അവ മൂലം വിവിധ മേഖലകളിലുണ്ടായ വളർച്ചയെക്കുറിച്ചും ഗവർണർ പ്രകീർത്തിച്ചിരുന്നു.

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിലടക്കം സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളോട് വഴങ്ങാത്ത നിലപാടായിരുന്നു ഗവർണർ ആദ്യം സ്വീകരിച്ചത്. വിഷയത്തിൽ നിയമോപദേശം അടക്കം സ്വീകരിച്ച അദ്ദേഹം ഒടുവിൽ സത്യപ്രതിജ്ഞയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. പുതുവർഷ സമ്മേളനത്തിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗവും ഗവർണർ അതേപടി വായിച്ചിരുന്നു.