പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

Saturday 28 January 2023 1:40 AM IST

ആലപ്പുഴ: പോക്സോ കേസിലെ പ്രതിയായ കെട്ടിട നിർമ്മാണ തൊഴിലാളിയെ കോടതി വെറുതെ വിട്ടു. ചേർത്തല വാരനാട് സ്വദേശി റജികുമാറിനെയാണ് (49) ആലപ്പുഴ അഡീഷണൽ സെഷൻസ് സ്‌പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ വെറുതെ വിട്ടത്. 2016 ഒക്ടോബറിലാണ് ചേർത്തല പൊലീസ് റജി കുമാറിനെ അറസ്റ്റ് ചെയ്തത്.

എട്ടാം ക്ലാസുകാരനെ പല തവണ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നാണ് ചേർത്തല പൊലീസ് കേസെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ ഏഴ് സാക്ഷികളുടെ മൊഴി കോടതി തെളിവാക്കി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയേയും വിസ്തരിച്ചു. 7 രേഖകളും തെളിവാക്കി. രക്ഷാകർത്താക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചാണ് വെറുതെ വിട്ടത്. അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, ആർ.രവികുമാർ, നിധീഷ് പുളിമുട്ടിൽ, ആർ.ആരതി എന്നിവർ പ്രതിക്ക് വേണ്ടി ഹാജരായി.