ത്രിപുര പിടിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് സ്വന്തം പാളയത്തിൽ തന്നെ തിരിച്ചടി: സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കൾ ബിജെപിയിലേയ്ക്ക്
അഗർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട സിപിഎമ്മിന് തിരിച്ചടി. സംസ്ഥാനത്തിലെ നിലവിലെ എംഎൽഎ അടക്കമുള്ള പ്രമുഖ സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. കൈലാസഹർ മണ്ഡലത്തിൽനിന്നുള്ള എം എൽ എയായ മൊബൊഷാർ അലി, മുൻ എംഎൽഎയായ സുബാൽ ഭൗമിക്ക് എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച തർക്കമാണ് നേതാക്കളുടെ കൊഴിഞ്ഞ്പോക്കിന് കാരണമെന്നാണ് വിവരം. പ്രമുഖ കോൺഗ്രസ് നേതാവായ ബിലാൽ മിയയും ബിജെപിയുടെ ഭാഗമായേക്കുമെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ബൊക്സാനഗറിൽ നിന്നും രണ്ടുവട്ടം കോൺഗ്രസ് സീറ്റിൽ എംഎൽഎയായ നേതാവാണ് ബിലാൽ മിയ.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് രണ്ട് സിപിഎം നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്. നിലവിലെ സിപിഎം എംഎൽഎയായ മൊബൊഷാർ അലിയുടെ സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. മൊബൊഷാർ അലിയ്ക്ക് ബിജെപി സിറ്റിംഗ് സീറ്റ് തന്നെ വാഗ്ദാനം ചെയ്തതായാണ് വിവരം. സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിലെ മുതിർന്ന നേതാക്കളെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഷ്ടമായത് പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേൽപ്പിച്ചതായാണ് വിവരം. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി പ്രാദേശിക നേതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചിരുന്നു.