ഗാന്ധിമാർഗം ജീവിതമാക്കിയ അപ്പുക്കുട്ട പൊതുവാൾ

Friday 27 January 2023 8:56 PM IST
പത്മശ്രീ ജേതാക്കളായ പയ്യന്നൂരിലെ വി പി അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ് ആർ ഡി പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുന്നു

പയ്യന്നൂർ: ഗാന്ധിമാർഗം ജീവിതമാക്കിയ വി.പി. അപ്പുക്കുട്ട പൊതുവാളിന്റെ പത്മശ്രീ അർഹതയ്ക്കുള്ള അംഗീകാരമായി. ഗാന്ധിജിയെയും സ്വദേശി പ്രസ്ഥാനത്തെയും നെഞ്ചോടു ചേർത്ത ജീവിതമാണ് പയ്യന്നൂർ സ്വദേശിയായ പൊതുവാളിന്റേത്. സ്വാതന്ത്ര്യസമരസേനാനി, സർവോദയ മണ്ഡലം - മദ്യനിരോധന പ്രവർത്തകൻ, ഖാദിപ്രചാരകൻ, എഴുത്തുകാരൻ, മാദ്ധ്യമപ്രവർത്തകൻ എന്നുവേണ്ട സാമൂഹിക- സാംസ്കാരിക-ആദ്ധ്യാത്മിക മേഖലകളിലെല്ലാം ഖാദി ധരിച്ച, മെലിഞ്ഞ ഈ മനുഷ്യന്റെ നിറ സാന്നിദ്ധ്യമുണ്ട്.

പ്രായത്തിന്റെ അവശതകളില്ലാതെ നൂറിലെത്തിയ അപ്പുക്കുട്ടപൊതുവാൾ പയ്യന്നൂരിന്റെ പൊതുസമൂഹത്തിൽ സജീവമാണ്. ഗീതയും ഗാന്ധിയുമാണ് ശക്തിയും പ്രചോദനവും. 1934 ജനുവരി 12-ന് ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതുമാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930-ന് ഉപ്പുസത്യാഗ്രഹ ജാഥ കണ്ട ആവേശം സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ചു. 1942-ൽ വി.പി.ശ്രീകണ്ഠപൊതുവാളിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. വിദ്യാർത്ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1943-ൽ അറസ്റ്റ് ചെയ്ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. തെളിവില്ലാത്തതിനാൽ തലശ്ശേരി കോടതി വിട്ടയച്ചു. 1944-ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ പ്രവർത്തിച്ചു. 1957-ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവരാഷ്ട്രീയം വിട്ട് ഗാന്ധിയൻ - ഖാദി പ്രവർത്തനങ്ങളിൽ മുഴുകി.1947 മുതൽ പയ്യന്നൂരിലെ ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായി. 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായി. തുടർന്ന് വിനോബ ഭാവെ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം ഭൂദാന പദയാത്രയിൽ പങ്കാളിയായി. ഗാന്ധിസ്മാരക നിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫീസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അദ്ധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആദ്ധ്യാത്മികത, ഭഗവദ്ഗീത - ആത്മവികാസത്തിന്റെ ശാസ്ത്രം എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളിന്റെയും വി.പി.സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ: അത്തായി ഭാരതിയമ്മ. മക്കൾ: യോഗേഷ്, ഗായത്രി, മഹേഷ്. മരുമക്കൾ: ജയശ്രീ, കെ.എ.ബാലഗോപാലൻ, പി.എം.യമുന.