യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമർദ്ദനം: മൂന്നുപേർ പിടിയിൽ

Saturday 28 January 2023 2:51 AM IST

അടൂർ : കാർ വാടകയ്ക്കെടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന യുവാവിനെ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചവരെ പൊലീസ് സാഹസികമായി പിടികൂടി.

കൊച്ചി സ്വദേശിയായ ലെബിൻ വർഗീസിനാണ് മർദ്ദനമേറ്റത്. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലിൽ പ്രതീഷ്, ആറ്റിങ്ങൽ തച്ചൂർകുന്ന് ആസിഫ് മൻസിലിൽ അക്ബർ ഷാൻ, അടൂർ മണക്കാല ചരുവിള പുത്തൻവീട്ടിൽ വിഷ്ണു എന്നിവരാണ് പിടിയിലായത്.

ഗുരുതരമായി പരിക്കേറ്റ ലെബിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലെബിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ

കൊച്ചിൻ ഇൻഫോ പാർക്ക്‌ പൊലീസ് കേസെടുത്തിരുന്നു. അടൂരിലേക്ക് യുവാവിനെ കൊണ്ടുവന്നതായി കണ്ടെത്തിയതോടെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ലോഡ്ജുകളിലും ഒഴിഞ്ഞുകിടന്ന വീടുകളിലും പരിശോധന നടത്തുന്നതിനിടെയാണ് വൈകിട്ടോടെ റസ്റ്റ് ഹൗസിൽ ഇവരെ കണ്ടെത്തിയത്. അടൂർ സ്വദേശികളായ അശ്വിൻ പിള്ള,ഗോകുൽ എന്നിവരും സംഘത്തിലുണ്ട്. ഇവർ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

രണ്ടു ദിവസം മുമ്പ് ഭാര്യയുമൊത്ത് കാറിൽ സഞ്ചരിച്ച ലെബിനെ ഇൻഫോ പാർക്കിന്സമീപം വച്ച് സംഘം തടഞ്ഞ് ആക്രമിച്ചു. ഭാര്യയെ ഇവിടെ ഇറക്കിവിട്ടശേഷം അതേ കാറിൽ അടൂരിലേക്ക് കൊണ്ടുവരികയായിരുന്നു.

പ്രതികൾക്ക് സുരക്ഷിതമായി തങ്ങുന്നതിന് സൗകര്യമൊരുക്കിയത് റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരാണ്. പൊലീസിനെ കണ്ടതോടെ ഇവർ ഒാടിരക്ഷപ്പെട്ടു.

റസ്റ്റ് ഹൗസ് വളപ്പിൽ കിടന്ന കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇൻഫോ പാർക്ക്‌ പൊലീസിന് കൈമാറി.

സി.പി.ഓമാരായ സൂരജ് ആർ കുറുപ്പ്,റോബി ഐസക്, നിസാർ എം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.