തുറമുഖംവഴി സ്വർണക്കടത്ത്: മുഖ്യപ്രതിയുടെ കരുതൽതടങ്കൽ ഹൈക്കോടതി ശരിവച്ചു

Saturday 28 January 2023 2:16 AM IST

കൊച്ചി: ഏഴുകോടിയിലധികംരൂപ വിലവരുന്ന സ്വർണം റഫ്രിജറേറ്ററിന്റെ കംപ്രസറിൽ ഒളിപ്പിച്ച നിലയിൽ കൊച്ചി തുറമുഖംവഴി കടത്തിയ കേസിൽ പ്രതിയായ കോതമംഗലം സ്വദേശി അബ്ദുൾ റൗഫിനെ കോഫെപോസെ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. അബ്ദുൾ റൗഫിനെ കരുതൽ തടങ്കലിലാക്കിയതിനെതിരെ ഭാര്യ ശബ്‌ന അബ്ദുള്ള നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിധിപറഞ്ഞത്.

2021 ഏപ്രിൽ 20 നാണ് തുറമുഖം വഴിയുള്ള സ്വർണക്കടത്ത് ഡി.ആർ.ഐയാണ് കണ്ടെത്തിയത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന റൗഫ് പിന്നീട് നേപ്പാൾവഴി ഇന്ത്യയിലെത്തി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. സ്വർണക്കടത്തിനെത്തുടർന്ന് കേന്ദ്രസർക്കാർ ഇയാളെ കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് നൽകിയിരുന്നു. പൊലീസ് പിടിയിലായ ഇയാളെ ഇതോടെ കോഫെപോസെ പ്രകാരം കരുതൽ തടങ്കലിലാക്കി. തുടർന്നാണ് റൗഫിനെ മോചിപ്പിക്കാൻ ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. റൗഫ് ഉൾപ്പെട്ടസംഘം പലതവണ തുറമുഖംവഴി സ്വർണം കടത്തിയതായി റവന്യൂ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.