ഉൽസവക്കാഴ്ചകളിലെ ജീവിതം തുറന്നിട്ട് കൊയ്യാലിന്റെ ഫോട്ടോപ്രദർശനം

Friday 27 January 2023 9:30 PM IST

കതിരൂർ:അടച്ചിടലിന്റെ ഇരുണ്ട കാലത്തെ ഫോട്ടോകളിലൂടെ ഓർമ്മപ്പെടുത്തുന്ന ബാലകൃഷ്ണൻ കൊയ്യാലിന്റെ ഫോട്ടോ പ്രദർശനം ജീവിതത്തിന്റെ നേർക്കാഴ്ചയായി. ഇന്നലെ കതിരൂർ ആർട്ട് ഗ്യാലറിയിൽ തുടങ്ങിയ ലാൻഡ് സ്കേപ്പ് പ്രദർശനം കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറുകയാണ്.

ആകെ മാറി മറഞ്ഞ ഒരു കാലത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ലോകം കടന്നു പോയത്.ലോകത്തെങ്ങും സാംസ്‌കാരിക പരിപാടികളും, എന്തിനു ഉത്സവങ്ങൾ പോലും നടന്നില്ല. അടച്ചിടലിന്റെ കാർമേഘപടലങ്ങൾ നീങ്ങിയ കാലയളവിൽ രാജസ്ഥാനിലെ പുഷ്‌കർ മേള, നാഗാലാൻഡിലെ ഹോൺ ബിൽ ഫെസ്റ്റിവൽ തുടങ്ങിയ ലോക പ്രശസ്തങ്ങളായ ഉത്സവ വേദികളിൽ നിന്നും പകർത്തിയ അപൂർവ്വ ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കൂടിച്ചേരലിനുള്ള അടങ്ങാത്ത ത്വരയുമായി എത്തുന്ന മനുഷ്യരോടൊപ്പം ഉത്സവ ഇടങ്ങളിലൂടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരും ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്. ഹിമാലയങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലെ ആദിവാസി ജനതയുടെയും പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ സാന്താൾ വിഭാഗത്തിന്റെയും ജീവിത പരിസരം, ദേവദാരു ഉൾപ്പെടെയുള്ള പ്രകൃതിയുടെ അപൂർവ്വ ചാരുതകൾ, പ്രാചീന ധാതു വസ്തുവായ ശിലാജിത്തിന്റെ യാത്രാ വഴികൾ, തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിന് ചാരുത നൽകുന്നു.

'മുറിവേറ്റ പ്രകൃതിയുടെ നിലവിളികൾ' എന്ന വിഭാഗത്തിലുള്ള ചിത്രങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടത്തുന്ന അമിതമായ മനുഷ്യ ഇടപെടലിന്റെ നേർസാക്ഷ്യങ്ങളാണ്.കൂത്ത്പറമ്പിൽ ജനിച്ച് ടാഗോറിന്റെ വിശ്വഭാരതിയിൽ പഠനവും അദ്ധ്യാപനവും നടത്തി ലോകപ്രശസ്ത കലാകാരനായി മാറിയ കെ.ജി. സുബ്രഹ്മണ്യൻ ശാന്തിനികേതനിലെ കലാഭവനിൽ ചെയ്ത മ്യൂറലുകളുടെ ഡോക്യുമെന്റേഷൻ രൂപത്തിലുള്ള ഫ്രെയിമുകളും പ്രദർശനത്തിലുണ്ട്.

പ്രശസ്ത ഗായകൻ വി.ടി.മുരളി പാട്ടുപാടി പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ.എം.ശിവകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രദർശനം ഫെബ്രുവരി 2ന് സമാപിക്കും.