മാലിന്യം എറിഞ്ഞാൽ കുടുക്കാൻ ദേശീയപാതയിൽ കാമറക്കണ്ണുകൾ

Saturday 28 January 2023 12:39 AM IST

തൃശൂർ: ദേശീയ സംസ്ഥാനപാതകളിൽ ഉൾപ്പെടെ വ്യാവസായിക ആശുപത്രി മാലിന്യം അടക്കം തള്ളുന്നത് വ്യാപകമായതോടെ നടപടി കടുപ്പിച്ച് അധികൃതർ. പാലക്കാട് പാതയിൽ കുഞ്ഞനംപാറ മുതൽ വാണിയംപാറ വരെയുള്ള റോഡിൽ ഈ വർഷം പകുതിയോടെ കൂടുതൽ കാമറകൾ മിഴി തുറക്കും. ഹരിത കേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസുമാണ് നിയമലംഘകരെ പിടികൂടാൻ നടപടി കടുപ്പിക്കുന്നത്.

മാലിന്യം തള്ളുന്നവരെ കുടുക്കാൻ പഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കും. പാലിയേക്കര മുതൽ മണ്ണുത്തി വരെ പാടത്ത് വർഷങ്ങളായി വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മുൻവർഷങ്ങളിൽ നടപടികൾ എടുത്തെങ്കിലും ഫലം കാണാത്തതിനെത്തുടർന്നാണ് നടപടി കടുപ്പിക്കുന്നത്. പഞ്ചായത്തിന്റെയും പൊലീസിന്റെയും നടപടികൾ ഒരേ സമയം ഉണ്ടാകും. മാലിന്യം തള്ളിയതിന് കാൽലക്ഷം രൂപ വരെ പിഴയീടിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം അനുസരിച്ച് ശിക്ഷാനടപടികളും ശക്തമാകും.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമായി വലിച്ചെറിയൽ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തിൽ തൃശൂരിൽ തുടക്കം കുറിച്ചിരുന്നു. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്.

കാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 30 വരെയാണ് ആദ്യ ഘട്ട പ്രവർത്തനം. പൊതു സ്ഥലങ്ങളിലെ മാലിന്യ കൂനകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും കണ്ടെത്തി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി സ്ഥലങ്ങൾ ആകർഷകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

തുണികൾ മുതൽ ഡയപ്പർ വരെ

കഴിഞ്ഞദിവസം മതിലകം ഭാഗത്ത് ദേശീയപാതയിലെ പാലത്തിന് സമീപം തുണികളും ഡയപ്പറുകളും ആശുപത്രി മാലിന്യവും വൻതോതിൽ തള്ളിയതിനെ തുടർന്ന് പൊലീസ് നടപടിയെടുത്തിരുന്നു. ഹരിതകർമ്മ സേനകൾ വഴി മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും എം.സി.എഫിന്റെ സ്ഥലപരിമിതികൾ കാരണം വർഷത്തിലൊരിക്കൽ മാത്രമാണ് തുണികളും മറ്റും ശേഖരിക്കുന്നത്. പൊട്ടിയ ചില്ലുകൾ, ചെരിപ്പ് തുടങ്ങിയവയും സ്ഥിരമായി ശേഖരിക്കാൻ കഴിയുന്നില്ല. ഇതെല്ലാം വഴിയരികിൽ തളളുന്നതായി പരാതികളുണ്ട്.

കാമറകൾ സ്ഥാപിക്കുന്നതിന് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ആവശ്യമായ സൗകര്യം ഒരുക്കും. കാമറ സ്ഥാപിക്കുന്നതോടെ മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവരെയും നിയമ ലംഘനം നടത്തുന്നവരെയും കണ്ടെത്താനാകും.

- മന്ത്രി കെ. രാജൻ, വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ

ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സ്‌കൂൾ, കോളേജ്, എൻ.എസ്.എസ്, എൻ.സി.സി വളണ്ടിയർമാർ, രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുളള പരിപാടികളാണ് കാമ്പയിനിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

- സി. ദിദിക, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ