ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ അന്വേഷണത്തിന് സെബിയും,​ ഓഹരി വിപണിയിലും അടിതെറ്റി

Friday 27 January 2023 10:02 PM IST

ന്യൂഡൽഹി : അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകളിൽ സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)​ അന്വേഷണം നടത്തും. നിലവിൽ അദാനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ച് കാണിക്കുകയാണെന്ന ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനത്തിന്റെ കണ്ടെത്തൽ വൻ വിവാദമാകുമ്പോഴാണ് ഹിൻഡൻബർഗ് റിപ്പോർട്ട് സെബി പരിശോധിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിൻഡൻബെർഗി റിപ്പോർട്ടും സെബി പരിശോധിക്കുന്നത്. എന്നാൽ കമ്പനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് സെബി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ഓഹരിവിപണിയെയും ഉലച്ചു. ഗ്രൂപ്പിന്റെ എല്ലാ ലിസ്‌റ്റഡ് കമ്പനികളുടെയും ഓഹരികൾ തിരിച്ചടി നേരിട്ടു. രണ്ടുദിവസത്തിനിടെ അദാനിഗ്രൂപ്പ് ഓഹരികളുടെ സംയുക്തമൂല്യത്തിൽ നിന്ന് 4.18 ലക്ഷം കോടി രൂപയാണ് കൊഴിഞ്ഞത്.

19.20 ലക്ഷം കോടി രൂപയിൽ നിന്ന് 15.02 ലക്ഷം കോടി രൂപയായാണ് ഇടിവ്. അദാനി ഗ്രൂപ്പിന് ഇന്ത്യൻ ബാങ്കുകളും വായ്‌പ നൽകിയിട്ടുണ്ട്. ഇത് കമ്പനിയുടെ മൊത്തം വായ്‌പകളുടെ 38 ശതമാനത്തോളമേയുള്ളൂ. എന്നാൽ, നിക്ഷേപകർ ഹിൻഡൻബർഗ് റിപ്പോർട്ടിനെ ആശങ്കയോടെ കണ്ടതിനാൽ ബാങ്കിംഗ് ഓഹരികളും കനത്ത വില്പനസമ്മർദ്ദം നേരിട്ടു.

അദാനി ഗ്രൂപ്പിന് മേലെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ കനത്ത വില്പനസമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള ആയിരം പോയിന്റിനുമേൽ തകർന്ന സെൻസെക്‌സ് മൂന്നുമാസത്തെ താഴ്ചയായ 59,307 വരെയെത്തിയിരുന്നു. 874 പോയിന്റിടിഞ്ഞ് 59,331ലാണ് വ്യാപാരാന്ത്യം സെൻസെക്‌സുള്ളത്. നിഫ്‌റ്റി 288 പോയിന്റിടിഞ്ഞ് 17,604ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ഓഹരികൾ നേട്ടത്തിലേറിയപ്പോൾ ഇന്ത്യൻ ഓഹരികൾ നഷ്‌ടത്തിലേക്ക് വീഴുന്ന കാഴ്‌ചയായിരുന്നു ഇന്ന് കണ്ടത്.