ഉയർന്ന പെൻഷൻ തിരിച്ചു പിടിക്കാൻ ഇ.പി.എഫ്.ഒ
Saturday 28 January 2023 12:07 AM IST
ന്യൂഡൽഹി:ഓപ്ഷൻ നൽകാതെ 2014 ന് മുമ്പ് വിരമിച്ച്, ആർ.സി ഗുപ്ത കേസിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് ഇതുവരെ ലഭിച്ച പെൻഷൻ ഘട്ടംഘട്ടമായി തിരിച്ചു പിടിക്കാൻ നീക്കം. ഇവർക്ക് ഉയർന്ന പെൻഷൻ ഈ മാസം മുതൽ ലഭിക്കില്ല. പഴയ പെൻഷൻ പദ്ധതി പ്രകാരം 2014 ന് മുമ്പ് വിരമിച്ചവരിൽ ഓപ്ഷൻ നൽകാത്തവർക്ക് ഇനി ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനാവില്ലെന്ന് കഴിഞ്ഞ നവംബർ നാലിലെ സുപ്രീം കോടതി വിധിയിലുണ്ടെന്ന് ഇ.പി.എഫ്.ഒ വ്യക്തമാക്കുന്നു. 2016 ലെ ആർ.സി ഗുപ്ത വിധിയോടെ ഈ വിഭാഗക്കാർക്ക് യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭിച്ചിരുന്നു. ഇവർക്ക് ഉയർന്ന പെൻഷൻ നൽകാമെന്ന് 2017 ൽ ഇ.പി.എഫ്.ഒ ഇറക്കിയ ഉത്തരവ് പിന്നീട് പിൻവലിച്ചു. ഇതിനെ തുടർന്നാണ് പെൻഷൻ തിരിച്ചു പിടിക്കാനുള്ള നീക്കം. എങ്ങനെ തിരിച്ചു പിടിക്കുമെന്ന് വ്യക്തമല്ല.