വിവാദ അഭിഭാഷകൻ നേതൃസ്ഥാനം ഒഴിയണം

Saturday 28 January 2023 12:00 AM IST

സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് വെളിപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജിമാർ മാറിനില്‌ക്കുന്നത് അപൂർവമാണെങ്കിലും അങ്ങനെ സംഭവിച്ചിട്ടിട്ടുണ്ട്. പക്ഷേ അത്തരം സംഭവങ്ങൾപോലും ജുഡിഷ്യറിയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനേ ഇടയാക്കിയിട്ടുള്ളൂ. ജനാധിപത്യത്തിൽ ഒരു പൗരന്റെ അവസാനത്തെ അത്താണിയാണ് ജുഡിഷ്യറി. ജനങ്ങൾക്ക് ജുഡിഷ്യറിയിൽ വിശ്വാസമുണ്ട്. പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നതല്ല ഇവിടത്തെ നീതിപീഠമെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. ഒറ്റപ്പെട്ട ചില അപവാദങ്ങൾ ഒഴിച്ചുനിറുത്തിയാൽ വിശ്വാസ്യതയിൽ ഇന്ത്യൻ ജുഡിഷ്യറിയുടെ അടിത്തറ അതിശക്തമാണ്. എന്നാൽ അഭിഭാഷക സമൂഹത്തെക്കുറിച്ച് പൊതുവെ അങ്ങനെയൊരു ധാരണ ജനങ്ങൾക്കില്ല. മറ്റ് പല തൊഴിൽരംഗത്തും സംഭവിച്ച മൂല്യശോഷണം ആ രംഗത്തും സംഭവിച്ചിട്ടുണ്ട്. അതേസമയം തൊഴിലിൽ അതീവ വൈദഗ്ദ്ധ്യവും അറിവും പ്രതിബദ്ധതയും പുലർത്തുന്ന ഒട്ടേറെ അഭിഭാഷകരുണ്ട്. ക്രിമിനൽ കേസുകളിൽവരെ ഉൾപ്പെട്ട് അഭിഭാഷകപട്ടം നഷ്ടപ്പെട്ടവരുമുണ്ട്. പക്ഷേ അവരൊന്നും അഭിഭാഷക സംഘടനയുടെ നേതൃപദവിയിൽ ഇരുന്നവരായിരുന്നില്ല. ജഡ്‌ജിമാരുടെ പേരിൽ സിനിമാരംഗത്തുള്ളവരിൽ നിന്ന് ലക്ഷങ്ങൾ കോഴവാങ്ങി എന്ന ആരോപണം നേരിടുന്ന സൈബി ജോസ് എന്ന അഭിഭാഷകൻ അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് എന്നത് അഭിഭാഷക സമൂഹത്തിനാകെ നാണക്കേടാണ്.

സൈബി സ്ഥാനം ഒഴിയണമെന്ന് അഭിഭാഷകരുടെ തന്നെ മറ്റ് പല സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ അഭിഭാഷകൻ മൂന്ന് ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ വിവിധ വ്യക്തികളിൽ നിന്നായി ലക്ഷങ്ങൾ കോഴ വാങ്ങിയതായി ചില അഭിഭാഷകർ തന്നെയാണ് ആദ്യം ആരോപണമുന്നയിച്ചത്. തുടർന്ന് ഹൈക്കോടതിയുടെ ഫുൾ കോർട്ടാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ആരോപണം പ്രഥമദൃഷ്ട്യാ ശരിവയ്ക്കുന്ന നിഗമനത്തിലാണ് എത്തിയത്. ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് സമർപ്പിക്കുമെന്നാണ് വാർത്ത. പണം നൽകിയ കക്ഷികളിൽ സിനിമാ നിർമ്മാതാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. സിനിമാ നിർമ്മാതാവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ട് ജഡ്‌ജിക്ക് നൽകാനെന്ന പേരിൽ ഇയാൾ 25 ലക്ഷവും മറ്റൊരാളിൽ നിന്ന് 50 ലക്ഷവും വാങ്ങിയെന്നാണ് ആരോപണം . ജഡ്‌ജിമാരുടെ പേരുകളും വലിച്ചിഴയ്ക്കപ്പെട്ടതിനാൽ ആരോപണം ഗുരുതരമാണ്. അതേസമയം അഭിഭാഷക ഫീസാണ് താൻ വാങ്ങിയതെന്ന നിലപാടിലാണ് അഭിഭാഷകൻ. അന്വേഷണം പൂർത്തിയായതിന് ശേഷമേ ഇതിന്റെ നിജസ്ഥിതി അറിയാനാകൂ. പക്ഷേ അന്വേഷണം പൂർത്തിയാകുന്നതുവരെ സ്വമേധയാ ഈ അഭിഭാഷകൻ അസോസിയേഷന്റെ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടതായിരുന്നു. അതു സംഭവിച്ചിട്ടില്ല. അതിനാൽ അസോസിയേഷൻ തന്നെ മുൻകൈയെടുത്ത് അന്വേഷണ കാലയളവിൽ ഇയാളെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിറുത്താനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലും തയ്യാറാകണം.

ജുഡിഷ്യറിയുടെ വിശ്വാസ്യതയിലേക്ക് വിരൽചൂണ്ടുന്ന ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാൻ ഇടയാക്കാത്ത വിധത്തിലുള്ള നടപടികളാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. പണം തട്ടിയ അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടുണ്ട്. അതിനാൽ ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയ കുറ്റകൃത്യങ്ങളുടെ പേരിൽ മാതൃകാപരമായ നിയമനടപടിയാണ് ഉണ്ടാകേണ്ടത്.