ഇ.എൻ. ഷീജ, മനോജ് മണിയൂർ ഉൾപ്പടെ ഒൻപത് പേർക്ക് ബാലസാഹിത്യ പുരസ്‌കാരം

Saturday 28 January 2023 12:58 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുരസ്‌കാരങ്ങൾ. കഥ,നോവൽ വിഭാഗത്തിൽ അമ്മ മണമുള്ള കനിവുകൾ എന്ന കഥയ്ക്ക് ഇ.എൻ.ഷീജയ്ക്കും കവിത വിഭാഗത്തിൽ ചിമ്മിനവെട്ടം എന്ന കവിതയ്ക്ക് മനോജ് മണിയൂരും അവർഡിന് അർഹരായി. വൈജ്ഞാനിക വിഭാഗത്തിൽ ഡോ.വി.രാമൻകുട്ടിയുടെ എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം,ശാസ്ത്ര വിഭാഗത്തിൽ ഡോ.മുഹമ്മദ് ജാഫർ പാലോട്,ജനു എന്നിവർ സംയുക്തമായി രചിച്ച കൊറോണക്കാലത്ത് ഒരു വവ്വാൽ എന്ന പുസ്തകവും അവാർഡ് നേടി.

ജീവചരിത്രം,ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലിന്റെ മാർക്കോണി, വിവർത്തനം,പുനരാഖ്യാനം വിഭാഗത്തിൽ ഡോ.അനിൽകുമാർ വടവാതൂരിന്റെ ഓസിലെ മഹാമാന്ത്രികൻ, ചിത്രീകരണ വിഭാഗത്തിൽ സുധീർ പി.വൈയുടെ ഖസാക്കിലെ തുമ്പികൾ, നാടക വിഭാഗത്തിൽ ഡോ.നെത്തല്ലൂർ ഹരികൃഷ്ണന്റെ കായലമ്മ എന്നിവയും അവാർഡിന് അർഹരായി.20,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ.